മംഗലംഡാം: മഴ ഇല്ലാത്തതിനെ തുടർന്ന് മംഗലംഡാമിലെ മത്സ്യകൃഷി പദ്ധതി കടുത്ത പ്രതിസന്ധിയിലായി. മത്സ്യം വളർത്താൻ വെള്ളം ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. മലന്പുഴയിൽ നിന്നും മത്സ്യ കുഞ്ഞുങ്ങളുടെ സ്പോണ് കൊണ്ട് വന്ന് അത് ഡാമിലെ ടാങ്കുകളിൽ വളർത്തി മുന്നോ നാലോ സെന്റ്ീമീറ്റർ വലുപ്പമാകുന്പോൾ അവയെ റിസർവോയറിലെ പാണ്ടിക്കടവിൽ നിക്ഷേപിച്ചിരുന്നു. ഇതിനായി ഇവിടെ പെൻകൾച്ചർ നിർമ്മിക്കും.
മത്സ്യകുഞ്ഞുങ്ങൾക്ക് 50 ഗ്രാം വരെ തൂക്കമായാൽ പെൻ കൾച്ചർ പൊളിച്ച് കുഞ്ഞുങ്ങളെ റിസർവോയറിലേക്ക് വിടുന്ന സംവിധാനമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി കാലവർഷം ചതിച്ചതിനാൽ പെൻ കൾച്ചറിൽ മത്സ്യങ്ങളെ വളർത്തൽ നടക്കില്ലെന്ന് ഡാമിൽ മത്സ്യകൃഷി നടത്തുന്ന പട്ടികജാതിവർഗ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അധിക മഴയിൽ ഡാമിന്റെ ഷട്ടറുകൾ പരമാവധി ഉയർത്തിയപ്പോൾ വലിയ തോതിൽ മത്സ്യങ്ങൾ നഷ്ടപ്പെട്ടു. 20 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചതിൽ പകുതിയോളം ഷട്ടറുകൾ വഴി മംഗലം പുഴയിലേക്ക് ഒഴുകി നഷ്ടമായി. ശേഷിച്ച മത്സ്യങ്ങളിൽ വലിയൊരു പങ്ക്ഡാമിലുള്ള നീർനായ്ക്കളും തിന്ന് നശിപ്പിച്ചു. കർക്കടകം പിറക്കാൻ ഇനി കഷ്ടി രണ്ടാഴ്ച മാത്രം ശേഷിക്കെ മംഗലം ഡാമിൽ 25 ശതമാനം പോലും വെള്ളമായിട്ടില്ല.
അതേ സമയം ഫിഷറീസ് വകുപ്പിന് കീഴിൽ മംഗലം ഡാമിലുള്ള ഫിഷ് സീഡ് ഫാമിൽ നിന്നും മത്സ്യകുഞ്ഞുങ്ങളുടെ വിതരണം തുടങ്ങി. വിവിധ ജില്ലകളിലെ പഞ്ചായത്തുകളിലുള്ള മത്സ്യം വളർത്തൽ പദ്ധതിക്കായാണ് ഇവിടെ നിന്നും മത്സ്യ കുഞ്ഞുങ്ങളെ കയറ്റി കൊണ്ടു പോകുന്നത്.കട്ട്ള, മൃഗാല, റോഹു, സൈപ്രസ് തുടങ്ങിയ മത്സ്യ കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്. അഞ്ച് വലിയ ടാങ്കുകൾക്ക് പുറമെ അഞ്ച് സെന്റ് വിസ്തൃതിയിലുള്ള മൂന്ന് കോണ്ക്രീറ്റ് കുളങ്ങളും ഇവിടെയുണ്ട്.