ചിറ്റൂർ: 46 വർഷം പിന്നിട്ട പാറക്കളം ജി.എം എൽ.പി സ്കൂൾ കെട്ടിടം ഉയരംകൂട്ടി പുനർനിർമ്മിക്കണമെന്ന ജനകീയാവശ്യം ശക്തമായി. കെട്ടിടത്തിന്റെ ഉയരക്കുറവുകാരണം എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്ക് ചൂട് അസഹനീയമാവുന്നതായാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
1973ൽ ഇരുപതു കുട്ടികളുമായാണ് പാറക്കളം ജി.എം എൽ .പി സ്കൂൾ ആരംഭിച്ചത്. സ്ഥലത്ത് മാധവൻ എന്ന പേരിലുള്ള രണ്ടു പേർ സ്ഥലം സൗജന്യമായി നൽ കിയതിനെ തുടർന്ന് സർക്കാർ ചിലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ഒരു കോണ്ക്രീറ്റ് കെട്ടിടവും 1991 ൽ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ 80 വിദ്യാർത്ഥികളും ആനുപാതിക ജീവനക്കാരുമുണ്ട്.
സ്ക്കൂളിനകത്ത് ആവശ്യത്തിനു കുടിവെള്ള സൗകര്യവും നിലവിലുണ്ട്. 46 വർഷം കെട്ടിടത്തിനു പഴക്കമുണ്ടെങ്കിലും സർക്കാരിൽ നിന്നും ഫിറ്റ്നസ്സ് ലഭിച്ചിട്ടുണ്ടെന്ന് അധ്യാപിക അറിയിച്ചു.എന്നാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്റ്റൂളിലെത്താൻ ഗതാഗത സൗകര്യമില്ല. ഒന്നര വർഷം മുന്പ് പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി പ്രകാരം ചുള്ളിപ്പെരുക്കമേട് നിലന്പതിപ്പാലം റോഡ് നവീകരിച്ച് സഞ്ചാര സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇതുവരേയും ഈ വഴിയിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. അത്യാവശ്യകാര്യങ്ങൾക്ക് രക്ഷിതാക്കൾ സ്കുളിലെത്തണമെങ്കിൽ അന്പതും അറുപതുരൂപ ചിലവഴിച്ച് ഓട്ടോയെ വേണം അശ്രയിക്കാൻ. കച്ചേരിമേട് , വണ്ടിത്താവളം എന്നിവിടങ്ങളിൽ മണിക്കൂറോളം സ്വകാര്യ ബസ്സുകൾ വിശ്രമത്തിനു നിർത്തിയിടുന്നുണ്ട്. ഈ ബസ്സുകൾ പാറക്കളം വഴി കാലത്തും വൈകുന്നേര സമയങ്ങളിലും സർവ്വിസ് നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട് ആർ.ടി.ഒ. അധികൃതർക്ക് നിവേദനം നൽകാൻ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുകയാണ്.