കൊല്ലം: ഓഖി കാലത്തും പ്രളയത്തിലും തങ്ങളുടെ നിഴലായി നിന്ന മനുഷ്യനെ തേടി അവരെത്തി. കേരളത്തിന്റെ സൈന്യമെന്ന വിശേഷണത്തിനർഹമായ കടലിന്റെ മക്കളാണ് സ്ഥാനമൊഴിഞ്ഞ കളക്ടർ ഡോ എസ് കാർത്തികേയന് സ്നേഹാദരങ്ങളുമായി എത്തിയത്.
പത്തനംതിട്ടയിൽ പ്രളയത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ കൊല്ലം തീരത്ത് നിന്ന് ആദ്യമായി പോയ ഇൻഫന്റ് ജീസസ്, വിനിതാ മോൾ എന്നീ വള്ളങ്ങളിലെ തൊഴിലാളികളടക്കമുള്ളവരാണ് ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എച്ച് ബേസിൽ ലാലിന്റെ നേതൃത്വത്തിൽ യാത്രാമൊഴി നൽകാൻ എത്തിയത്. രക്ഷാ പ്രവർത്തനത്തിന് പോയ ജോസഫ് മിൽക്കാസ് വള്ളത്തിന്റെ ചെറുമാതൃക കലക്ടർക്ക് ഉപഹാരമായി നൽകി.
കളക്ടർമാർ ഒരുപാട് പേർ ഓർമകളിലുണ്ട ്. പക്ഷേ ഞങ്ങളുടെ ഹൃദയത്തിലാണ് അങ്ങയുടെ സ്ഥാനം . ഉപഹാരം കൈമാറിക്കൊണ്ട ് ജോസഫ് പറഞ്ഞു. കൊല്ലത്ത് നിന്നും പോയ വള്ളങ്ങളാണ് യഥാർത്ഥത്തിൽ രക്ഷാദൗത്യം ചരിത്ര വിജയമാക്കിയതെന്ന് ഡോ എസ് കാർത്തികേയൻ പറഞ്ഞു.
തുടർന്ന് തന്നെ കാണാനെത്തിയ മത്സ്യത്തൊഴിലാളി ഫ്രെഡിയുടെ കുഞ്ഞു മകൻ അബിക്ക് ഗിറ്റാർ കളിപ്പാട്ടം കലക്ടർ സമ്മാനമായി നൽകി. കലക്ടറുടെ ക്യാന്പ് ഓഫീസിൽ നടന്ന വികാര നിർഭരമായ കൂട്ടായ്മയിൽ ബിജു സെബാസ്റ്റ്യൻ, റോയി, രാഹുൽ, പോൾ ഫ്രാൻസിസ്, മാജു, വർഗീസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.