തിരുർ: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം വെട്ടം പഞ്ചായത്തിലെ പറവണ്ണയിൽ വീണ്ടും തീക്കളി. ഇത്തവണ പറവണ്ണ പുത്തങ്ങാടിയിൽ മുസ്ലിംലീഗ് പ്രവർത്തകരുടെ വാഹനങ്ങളാണ് കത്തിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി വൈസ്പ്രസിഡന്റ് ചേക്കമാടത്ത് അബൂബക്കറിന്റെ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ആക്ടീവ സ്കൂട്ടറിനും തീയിട്ടു. ലീഗ് പ്രവർത്തകരായ കുട്ടാത്ത് ഫാറൂഖ്, അജാസ് എന്നിവരുടെ ബൈക്കുകൾ ഭാഗികമായി കത്തി നശിച്ചു. കുട്ടാത്ത് ഫാറൂഖിന്റെയും പുത്തൻപുരയിൽ ഷാജഹാന്റെയും ഓട്ടോറിക്ഷകൾ കത്തിക്കാനും ശ്രമം നടന്നതായി സൂചനയുണ്ട്.
പുലർച്ചെ രണ്ടരയോടെയെത്തിയ അക്രമികൾ വാഹനത്തിൽ പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നുവെന്നു കരുതുന്നു. തിരൂർ പോലീസ് അന്വേഷണമാരംഭിച്ചു. മലപ്പുറത്തു നിന്നു ബോംബ് സ്ക്വാഡ് സഥലത്തെത്തി പരിശോധിച്ചു. വിരലടയള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
വിവരമറിഞ്ഞു മുസ്ലിം ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു. തീരദേശത്തു സമാധാന ശ്രമങ്ങൾ നടന്നുവരുന്പോൾ അതിനെ അട്ടിമറിക്കാൻ സിപിഎം പ്രകോപനം സൃഷ്ടിക്കുകയാണെന്നു നേതാക്കൾ പറഞ്ഞു. അതേസമയം മുഖം തുണികൊണ്ടു മറച്ചു ബൈക്കുകളിലെത്തിയവരാണ് അക്രമം നടത്തിയതെന്നും അക്രമത്തിനു പിന്നിൽ സിപിഎം ആണെന്നും തീ കത്തി നശിച്ച ഓട്ടോയുടെ ഉടമ അബൂബക്കർ പറഞ്ഞു.
അബൂബക്കറിന്റെ അയൽവാസി ഓട്ടോറിക്ഷ കത്തുന്നതു കണ്ടു വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പ്രതികളുടെ ചിത്രം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കാർ മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘം തീവച്ചു നശിപ്പിച്ചിരുന്നു. ഈ കേസിൽ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. പ്രദേശത്ത് പോലീസ് പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും ഇത്തരം ആക്രമ സംഭവങ്ങൾ തുടരുന്നതിൽ പ്രദേശവാസികൾ ഭീതിയിലാണ്.