മുംബൈ: മുംബൈ-ഗോവ ദേശീയപാതയിലെ കുഴികളുടെ പേരിൽ ഡെപ്യൂട്ടി എൻജിനിയറുടെ ദേഹത്ത് എംഎൽഎയും കൂട്ടരും ചെളിയൊഴിച്ചു. ദേഹമാസകലം ചെളിയിൽ മുങ്ങിയ ഡെപ്യൂട്ടി എൻജിനിയറെ പാലത്തിൽ കെട്ടിയിടുകയും ചെയ്തു.
മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎ നിതേഷ് റാണെയും കങ്കാവ്ലി മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് സമീർ നലാവാഡെയും അനുയായികളും ചേർന്ന് ദേശീയപാതാ അഥോറിറ്റി ഓഫ് ഇന്ത്യ എൻജിനിയർ പ്രകാഷ് ഷെദേക്കറുടെ മേൽ ചെളിയൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്ലിയിലായിരുന്നു സംഭവം. നിതേഷിനെയും 16 അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു.
മുൻ മഹാരാഷട്ര മുഖ്യമന്ത്രി നാരായൺ റാണെയുടെ ഇളയ മകനാണു നിതേഷ്. നാരായൺ റാണെ ഇപ്പോൾ എൻഡിഎ പക്ഷത്താണ്. നിതേഷ് സാങ്കേതികമായി മാത്രം കോൺഗ്രസ് എംഎൽഎയായി തുടരുകയാണ്. ബിജെപി എംഎൽഎ ആകാശ് വിജയ്വർഗിയ മുനിസിപ്പൽ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിനടിച്ച സംഭവമുണ്ടായത് ഈയിടെയാണ്.സംഭവത്തിൽ ആകാശിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. നാലു ദിവസത്തിനുശേഷം എംഎൽഎ ജാമ്യത്തിലിറങ്ങി.