കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിയുടെ (എച്ച്ഡിഎസ്) സര്‍ജിക്കല്‍ ആൻഡ്് ഇംപ്ലാന്റ്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ന്യായവില ഷോപ്പില്‍ നിന്ന് 9,07,000 രൂപ കാണാതായ സംഭവത്തില്‍ അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച്. പൊതുജനങ്ങള്‍ക്ക് പ്രവേശന പാസ് വില്‍ക്കുന്ന കൗണ്ടറിന് സമീപമുള്ള അടച്ചുറപ്പുള്ള ഓഫീസില്‍നിന്നാണ് തുക നഷ്ടപ്പെട്ടത്.
24 മണിക്കൂറും ഷോപ്പിനുസമീപം ആളുകള്‍ ഉണ്ടാവാറുണ്ട്. ഈ സാഹചര്യങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഷോപ്പിനകത്ത് കയറി പണം മോഷ്ടിക്കാനാവില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുറമെ നിന്നാരെങ്കിലും ഉള്ളില്‍ കടന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല.
ലോക്കര്‍ പൊളിച്ചതിന്റെ അടയാളമൊന്നുമില്ലാത്തതിനാല് താക്കോലിട്ട് തുറന്ന് മോഷ്ടിച്ചിതാകാമെന്നാണ് സംശയിക്കുന്നത്. ഇതേതുടര്‍ന്നാണ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തെ കളക്ഷന്‍ തുക ലോക്കറില്‍ വയ്ക്കാന്‍ തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. 500, 2000 രൂപയുടെ നോട്ടുകളാണ് നഷ്ടപ്പെട്ടത്. നൂറിന്റേയും അമ്പതിന്റേയും മറ്റും നോട്ടുകളും ലോക്കറിന് പുറത്തുണ്ടായിരുന്ന 3000 രൂപയും നഷ്ടപ്പെട്ടിട്ടില്ല.
ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നു വരെയുള്ള വില്‍പ്പന തുക ബാങ്കില്‍ അടച്ചിരുന്നു. ഇതിനുശേഷം ഉപകരണങ്ങള്‍ വിറ്റ തുക ഓഫീസിലെ ലോക്കറില്‍ വച്ച് പൂട്ടി. സര്‍ജിക്കല്‍ ഉപകരണങ്ങളും ഇംപ്ലാന്റ്സും വില്ക്കുമ്പോള് ലഭിക്കുന്ന അഡ്വാന്‍സ് തുക രണ്ടുദിവസം ഓഫീസിലെ ലോക്കറില്‍ സൂക്ഷിക്കും. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍ക്കായി കൊണ്ടുപോകും. ഇവയില്‍ അനുയോജ്യമായതെടുത്ത് ബാക്കി തിരിച്ചേല്പ്പിക്കുമ്പോള് പണം മടക്കി കൊടുക്കേണ്ടിവരും.
അതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞേ പണം ബാങ്കില്‍ നിക്ഷേപിക്കാറുള്ളു. സര്‍ജിക്കല്‍ ന്യായവില ഷോപ്പിലെ അലമാരയുടെ താക്കോല്‍ ഒരെണ്ണം അക്കൗണ്ടന്റും മറ്റേത് ലേ സെക്രട്ടറിയുമാണ് സൂക്ഷിക്കുക. സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പിലെ മൂന്ന് ജീവനക്കാര്‍ക്കും മെമ്മോ നല്കി.