ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൊസീജിയർ മുറിയിൽ അത്യുഷ്ണം മൂലം ജീവനക്കാരും, രോഗികളും ദുരിതം പേറുന്നു. ഹാളിൽ പ്രത്യേകമായി ഉണ്ടാക്കിയ ക്യാബിനാണ് പ്രൊസീജിയർ മുറിയായി ഉപയോഗിക്കുന്നത്. ഇതിനുളളിലാകട്ടെ പഴയ ഫാനുകളും.
അപകടത്തിൽപ്പെട്ടും മറ്റും അത്യാസന്ന നിലയിൽ എത്തുന്ന രോഗികളെ പ്രാരംഭ സർജറിക്കും പരിശോധനക്കും വിധേയമാക്കുന്നത് ഇവിടെയാണ്. ഈ മുറിയിൽ ശീതീകരണ യന്ത്രം സ്ഥാപിക്കണമെന്ന് ആദ്യം മുതൽ തന്നെ ജീവനക്കാരും, രോഗികളും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തയ്യാറായില്ലെന്നു പറയുന്നു.
മണിക്കൂറുകളോളം രോഗികളെ പരിചരിക്കേണ്ടി വരുന്ന ജീവനക്കാർ ഏറെ പണിപ്പെട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. എത്രയും വേഗം നടപടി ഉണ്ടാകണമെന്നാണ് രോഗികളുടേയും ജീവനക്കാരുടേയും ആവശ്യം.