കുറവിലങ്ങാട്: ബാങ്ക് അക്കൗണ്ടിലെ വണ്‍ ടൈം പാസ് വേർഡ് വാങ്ങി (ഒടിപി) വീണ്ടും തട്ടിപ്പ് . ഇക്കുറി കുര്യം സ്വദേശിയായ യുവകർഷകനാണ് പണം നഷ്ടപ്പെട്ടത്. നിമിഷാർദ്ധത്തിനുള്ളിൽ പതിനായിരം രൂപയാണ് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്.
ബാങ്കിൽ നിന്ന് എന്ന വ്യാജേന വിളിച്ച് എടിഎം കാർഡ് സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് കാർഡ് പുതുക്കാനെന്ന പേരിൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഫോണിലേക്കെത്തുന്ന സന്ദേശം വായിച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഫോണിൽ സംസാരിച്ച് സന്ദേശം വായിക്കാൻ അറിയില്ലെന്ന് യുവാവ് നിലപാടെടുത്തതോടെ ഫോണ്‍ ഡിസ്കണക്ട് ചെയ്ത് സന്ദേശം മനസിലാക്കി പറഞ്ഞുനൽകി.
ഈ വിവരം കൈമാറിയതിന് പിന്നാലെ 10,106 രൂപ പിൻവലിക്കപ്പെട്ടതായി സന്ദേശം എത്തി. ഒടിപി നന്പർ കൈക്കലാക്കി ഓണ്‍ലൈൻ സംവിധാനത്തിൽ ഏതോ സാധനങ്ങൾ വാങ്ങുകയായിരുന്നുവെന്നാണ് മനസിലായിട്ടുള്ളത്. പണം നഷ്ടപ്പെട്ടതായി മനസിലാക്കി ബാങ്ക് അധികൃതരെ സമീപിച്ചുവെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. പോലീസിനേയും സമീപിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്.
കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇത്തരത്തിൽ പണം നഷ്ടപ്പെട്ട സംഭവമുണ്ടായി ഒരു വർഷം പിന്നിട്ടുവെങ്കിലും നടപടികളും അന്വേഷണവും ഏതാണ്ട് അടഞ്ഞ അധ്യായമായിരിക്കുകയാണ്. പോലീസ് നടപടികൾ ഇഴയുന്നതിൽ പ്രതിഷേധം ഉയർന്നുവെങ്കിലും അന്വേഷണം പുരോഗമിച്ചില്ല. ഒരു റിട്ട. അധ്യാപകനടക്കമാണ് മുൻപ് തട്ടിപ്പിന് ഇരയായത്.