മുക്കം: ഒറ്റമുറി വീട് കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതോടെ പെരുവഴിയിലായ കുടുംബത്തിന് ഒരുവര്‍ഷമായിട്ടും സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് ദുരിതം തിന്ന് ജീവിക്കുകയാണ് കാരശ്ശേരി പഞ്ചായത്തിലെ പട്ടര്‍ചോല തോണ്ടയില്‍ വിനോദിനിയും ഭിന്നശേഷിക്കാരിയായ മകളുമടങ്ങുന്ന കുടുംബം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്.
ആകെയുണ്ടായിരുന്നത് ഈ ഒറ്റമുറി വീടാ. അതുതന്നെ തണ്ണീര്‍പൊയില്‍ പള്ളിക്കമ്മിറ്റിക്കാര് നിര്‍മിച്ചു തന്നതാ. ഭിന്നശേഷിക്കക്കാരിയായ ഈ പെണ്കുട്ടിയേയുമായി ഇവിടെ ഒരു വിധം കഴിഞ്ഞ് വരികയായിരുന്നു. അതിനിടയ്ക്കാണ് കഴിഞ്ഞ പ്രളയ സമയത്ത് മണ്ണിടിഞ്ഞ് ഇവിടെ താമസിക്കാന്‍ പറ്റാതായത്. ഒരു വര്‍ഷമായിട്ടും ഒരു നടപടിയും ആയിട്ടില്ല”- വിനോദിനി പറഞ്ഞു.
കഴിഞ്ഞ പ്രളയകാലത്താണ് വിനോദിനിയുടെ വീടിന് മുകളില്‍ തൊട്ടടുത്ത വീടിന്റെ മുറ്റമിടിഞ്ഞ് വീണ് വീട് താമസയോഗ്യമല്ലാതായത്. ഒറ്റ മുറിവീടിന്റെ ചുമരിലടക്കം വിള്ളല്‍ വന്ന നിലയിലാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് വാങ്ങി നല്കിയ മൂന്ന് സെന്റ് സ്ഥലത്താണ് പള്ളിക്കമ്മിറ്റി വീട് നിര്‍മിച്ചുനല്‍കിയത്.
പ്രളയത്തില്‍ മുറ്റത്തേക്ക് ഇടിഞ്ഞുവീണ മണ്ണ് മാറ്റാന്‍ വിനോദിനി മുട്ടാത്ത വാതിലുകളില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണ് മാറ്റാമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. നിത്യരോഗിയായ വിനോദിനി തനിക്കും മക്കള്‍ക്കുള്ള മരുന്നിനും ഭക്ഷണത്തിനുമായി തന്നെ കഷ്ടപ്പെടുകയാണ്.
കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞ വാര്‍ഡ് മെംബര്‍ പി.പി. ശിഹാബ് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. വീണ്ടുമൊരു മഴക്കാലം കൂടി വന്നെത്തുമ്പോള്‍ ഭിന്നശേഷിയായ മകളെ ചേര്‍ത്തണച്ച് അടച്ചുറപ്പില്ലാത്ത താല്കാലിക വീട്ടില്‍ അധികാരികളുടെ കനിവ് കാത്ത് കഴിയുകയാണ് വിനോദിനി.