തിരുവനന്തപുരം: നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന് മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷൻ കസ്റ്റഡിമരണം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും.
രാജ്കുമാറിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാജ്കുമാറിന്റെ ബന്ധുക്കളും ആക്ഷൻ കൗണ്സിലും നിയമസഭക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷം നിയമസഭയിൽ ഈ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചത് സർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു.
രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടന്ന് വരികയാണ്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്ഐയെയും സിപിഒയെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി എസ്പിയ്ക്കും ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കൾക്കും രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
കൂടാതെ എസ്പിയുടെ നിർദേശാനുസരണമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് അറസ്റ്റിലായ എസ്ഐ. സാബു ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിരുന്നു. രാജ്കുമാറിന്റെ ശരീരത്തിൽ ക്രൂരമായ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായും ഇതേ തുടർന്ന് ന്യൂമോണിയ ബാധ സംഭവിച്ചിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ക്രൈംബ്രാഞ്ച് സംഘത്തിന് മുൻപാകെ മൊഴി നൽകിയിരുന്നു. നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ സിപിഐ ജില്ലാ നേതൃത്വവും രാജ്കുമാറിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.