ന്യൂഡൽഹി: ബജറ്റ് അവതരണത്തിനു മുന്നോടിയായി ബ്രിട്ടീഷ് കാലഘട്ടത്തിലെ കീഴ്വഴക്കം പഴങ്കഥയാക്കി ധനമന്ത്രി നിർമല സീതാരാമൻ. മുൻ ധാനമന്ത്രിമാരെപ്പോലെ ബ്രീഫ്കേസുമായല്ല ഇക്കുറി മന്ത്രി ധനമന്ത്രാലയത്തിൽ എത്തിയത്. പകരം ചുവന്ന നാലു മടക്കുള്ള ബാഗിലാണു മന്ത്രി ബജറ്റ് നിർദേശങ്ങൾ അടങ്ങിയ ഫയലുകൾ സൂക്ഷിച്ചത്.
ഇന്ത്യൻ പാരന്പര്യത്തോട് അടുത്തുനിൽക്കുന്നതിനായാണ് ബ്രീഫ്കേസ് ഉപേക്ഷിച്ച് പകരം പരന്പരാഗതമായ ബഹി ഖാട്ടയിലേക്കു മാറിയതെന്ന് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. പടിഞ്ഞാറൻ ചിന്തകളിൽനിന്നുകൂടിയുള്ള മോചനമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബജറ്റ് നിർദേശങ്ങൾ ബ്രീഫ്കേസിൽ സൂക്ഷിച്ചാണ് മുൻ മന്ത്രിമാർ ബജറ്റ് അവതരണത്തിനായി ധനമന്ത്രാലയത്തിൽ എത്തിയിരുന്നത്. ചുവപ്പ്, കറുപ്പ്, ടാൻ, ബ്രൗണ്‍ എന്നീ നിറങ്ങളിലായിരുന്നു ഈ ബ്രീഫ്കേസുകൾ. 1991-ൽ രാജ്യം തകർച്ച നേരിട്ട സമയത്തു മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റ് കൊണ്ടുവന്നത് കറുത്ത ബ്രീഫ്കേസിലായിരുന്നു. ജവഹർലാൽ നെഹ്റുവും യശ്വന്ത് സിൻഹയും കറുത്ത പെട്ടി കൊണ്ടുവന്നിട്ടുണ്ട്.
1860-ൽ ബ്രിട്ടന്റെ ധനകാര്യ വകുപ്പ് തലവനായിരുന്ന വില്യം എവാർട്ട് ഗ്ലാഡ്സ്റ്റോണ്‍ ആണ് ചുവന്ന തുകൽ പെട്ടിയുമായായി ബജറ്റ് അവതരിപ്പിക്കാൻ എത്തിയിരുന്നത്. ബ്രിട്ടന് പിന്നാലെ ബ്രിട്ടന്റെ അധീനതയിലായിരുന്ന ഇന്ത്യയും ഈ സംസ്കാരം അനുകരിക്കുകയായിരുന്നു.