കാട്ടാക്കട: മകന്റെ മരണം കൊലപാതകമാണെന്ന് അമ്മയുടെ പരാതി. വട്ടിയൂർക്കാവ് തിട്ടമംഗലം കദളിക്കുഴിവിള കാർത്തികയിൽ അനിതാ ദേവിയാണ് മകൻ അനന്ദു ഭദ്രന്റെ (23) മരണത്തിൽ ദുരൂഹത ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഡിജിപി, ഹോം സെക്രട്ടറി തുടങ്ങി ഉന്നതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അനിതാ ദേവി പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് അനിതയുടെ മകൻ അനന്ദു ഭദ്രനെ മലയിൻകീഴ് പെരുകാവ് പഴവീട് ദേവീക്ഷേത്രത്തിന് സമീപത്തെ ഇവരുടെ വാടക വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ ഭർത്താവിന്റെ മരണശേഷം അനിതയും മകനും മാത്രമാണ് താമസം. ഒരു സ്വകാര്യ സ്ഥാപനത്തിൽ അനിത ജോലിക്കു പോകുന്നുണ്ട്.
അനന്ദു മാത്രമാണ് അന്ന് വീട്ടിൽ ഉണ്ടായിരുന്നത്. അപരിചിതരായ മൂന്നു പേർ ഈ സമയം വീട്ടിൽ വന്നു പോയതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകി. ഉച്ചത്തിൽ വഴക്കിടുന്ന ശബ്ദവും കേട്ടതായി പറയുന്നു. പക്ഷേ ഇവരെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ തയാറാകാതെ പോലീസ് അനന്ദുവിന്റെ മരണം ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. ദേഹമാസകലം മുറിവുകളും അടിയുടെ പാടുകളും ഉണ്ടായിരുന്നു. അനന്ദു ജീവനൊടുക്കിയ ഹാളിലും കിടപ്പുമുറിയുടെ ചുവരിലും രക്തക്കറയും കണ്ടെത്തിയിരുന്നു.
ആസൂത്രിത കൊലപാതകമാണെന്ന അനിതയുടെ വിശ്വാസത്തെ ഇക്കാര്യങ്ങൾ ബലപ്പെടുത്തുന്നു. മലയിൻകീഴ് പോലീസ് തെളിവെടുപ്പിന് കൊണ്ടു പോയ മകന്റെ മൊബൈൽ ഫോൺ തിരികെ നൽകിയപ്പോൾ മെമ്മറി കാർഡ് ഊരി മാറ്റിയിരുന്നു.
ഫേസ്ബുക്ക്, വാട്സാപ് സംവിധാനങ്ങൾ നീക്കിയ ശേഷമാണ് ഫോൺ നൽകിയതെന്നും അനിത പറയുന്നു. മരണം നടന്ന് അഞ്ചു മാസം പിന്നിട്ടിട്ടും ഫോറൻസിക് റിപ്പോർട്ടും ഫൈനൽ റിപ്പോർട്ടും നൽകാൻ പോലീസ് കൂട്ടാക്കുന്നില്ല.
കുറ്റവാളികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും അനിത ആരോപിക്കുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ മകന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതാണ് ഈ അമ്മയുടെ ആവശ്യം.