വണ്ടിത്താവളം: മൂലത്തറ ഇടതുകനാൽബണ്ടിനു തകർച്ചയുണ്ടാക്കുന്ന തരത്തിൽ നില്ക്കുന്ന മരങ്ങൾ മുറിച്ചുനീക്കി തുടങ്ങി. കന്നിമാരി, പാട്ടികുളം, നന്ദിയോട്, വണ്ടിത്താവളം, പള്ളിമൊക്ക്. അത്തമണി എന്നിവിടങ്ങളിലായി അന്പതോളം മരങ്ങളാണ് നില്ക്കുന്നത്. ഇതിൽ നന്ദിയോട്, വണ്ടിത്താവളം, പള്ളിമൊക്ക് ന്നെിവിടങ്ങളിലെ അഞ്ചുവൻമരങ്ങളാണ് മുറിച്ചു തുടങ്ങിയത്. ഇവിടങ്ങളിൽ കനാൽബണ്ട് സ്ലാബുകൾ തകർന്നുതുടങ്ങിയ സ്ഥിതിയിലാണ്.
കനാൽവരന്പിലുള്ള വൻമരം സമീപത്തെ വില്ലേജ് ഓഫീസിനും അപകടഭീഷണിയാണ്. പള്ളിമൊക്കിലെ കനാൽബണ്ടിൽ നില്ക്കുന്ന മരങ്ങൾ ഇരുചക്രവാഹനങ്ങൾ, ഓട്ടോ എന്നിവയുടെ സഞ്ചാരത്തിനും തടസമാകുകയാണ്. കഴിഞ്ഞവർഷം പള്ളിമൊക്കിൽ കനാൽ ബണ്ടിലൂടെ ഓട്ടോ സഞ്ചരിക്കുന്നതിനിടെ മരത്തിന്റെ വേരിൽ ഇടിച്ച് ഓട്ടോ കനാലിലേക്കു വീണിരുന്നു.
രണ്ടു കുട്ടികളും മൂന്നു സ്ത്രീകളും ഡ്രൈവറും ഓട്ടോയിലുണ്ടായിരുന്നു. അപകടസമയത്ത് സമീപത്തുണ്ടായ ക്ലബംഗങ്ങൾ കനാലിൽ വീണവരെ രക്ഷപ്പെടുത്തി. കനാലുകളിലെ മരങ്ങൾ സ്ലാബുകൾ ഇളക്കുകയും വാഹനാപകടങ്ങളും പതിവാക്കുന്നതായി താലൂക്ക് വികസനസമിതിയിൽ പരാതി ഉയർന്നതോടെയാണ് മുറിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചത്.