ചിറ്റൂർ: ഏരിമേട്-കന്പാലത്തറ റോഡ് തകർന്നുണ്ടായ ഗർത്തങ്ങളിൽ കെട്ടിനില്‍ക്കുന്ന മലിനജലം ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു. ഏരിമേട്ടിലും സമീപത്തുമായി അന്‍പതോളം കുടുംബങ്ങൾ ദിനംപ്രതി ഈ റോഡിലൂടെയാണ് പോകുന്നത്.
ഇക്കഴിഞ്ഞദിവസം ദന്പതിമാർ സഞ്ചരിച്ച ബൈക്ക് ഗർത്തത്തിൽ തെന്നിമറിഞ്ഞ് വസ്ത്രങ്ങൾ ചെളിയിൽ അലങ്കോലമായി. ഇതുവഴി സഞ്ചരിക്കുന്ന കാറുകളുടെ ലീഫ് പൊട്ടി വഴിയിൽ അകപ്പെടുന്നതും പതിവു കാഴ്ചയാണ്. രാവിലെയും വൈകുന്നേരവും ഇരുചക്രവാഹനങ്ങളിൽ വിദ്യാർഥികളെ പ്രധാനപാതയിലും തിരിച്ചു വീട്ടിലേക്കു കൊണ്ടുവരുന്നതും അപകടം മുന്നിൽകണ്ടാണ്.
ഏരിമേട്ടിൽ താമസിക്കുന്നവർക്ക് ആശുപത്രിയിൽ പോകണമെങ്കിൽ ഇതുവഴി ഓട്ടോപോലും വരാറില്ലത്രേ. ഇതുമൂലം മിക്കവരും കാൽനടയായി പോകേണ്ട സ്ഥിതിയാണ്.റോഡിന്റെ പലയിടങ്ങളിലും ഇരുന്പുകന്പികൾ പുറത്തേക്കു തള്ളിനില്‍ക്കുന്നത് രാത്രിസമയത്ത് കാൽനടയാത്ര ഭീഷണിയിലാക്കുന്നു. എത്രയുംവേഗം റോഡ് പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.