കറുകച്ചാൽ: നെത്തല്ലൂർ കവല വീണ്ടും ചോരക്കളമാകുന്നു. ഇന്നലെ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർ മല്ലപ്പള്ളി സ്വദേശി കുരുവിള ഈപ്പനെ (40) കാലിന് സാരമായി പരിക്കുകളോടെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30-ന് ചങ്ങനാശേരി-വാഴൂർ റോഡിൽ നെത്തല്ലൂർ കവലയ്ക്ക് സമീപമായിരുന്നു അപകടം. മല്ലപ്പള്ളിയിൽനിന്നു പനിബാധിതനായ രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ദിശതെറ്റി എത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കുവാനായി വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണംവിട്ട വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.
ഇവിടെ റോഡരികിൽ നിന്നവർ ഓടി മാറിയതിനാൽ വൻ അപകടമാണ് ഒഴിവായത്. നാട്ടുകാർ രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ആംബുലൻസിന്റെ മുൻവശം ഭാഗികമായി തകർന്നു.