കോട്ടയം: വീൽചെയറും സ്ട്രെച്ചറും എവിടെ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അതത് വാർഡുകളിലെ വീൽചെയറും സ്റ്റെച്ചറും കാണാതെ വിഷമിക്കുകയാണ് ജീവനക്കാർ. വാർഡിൽ കിടക്കുന്ന രോഗികളെ എക്സ്റേയ്ക്കും മറ്റ് വിഭാഗങ്ങളിലേക്കും മറ്റും പരിശോധനക്ക് കൊണ്ടുപോകുന്ന വീൽചെയർ അവിടെ ഉപേക്ഷിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിസ്ചാർജ് ചെയ്തു പോകുന്ന രോഗികളും ഇങ്ങനെ വരാന്തയിലും മറ്റും വീൽചെയർ ഉപേക്ഷിക്കും.
അത് മറ്റാരെങ്കിലും ഉപയോഗിച്ച് മറ്റേതെങ്കിലും വാർഡിൽ ഉപേക്ഷിക്കും. അങ്ങനെ കൈമറിഞ്ഞ് ഓരോ വാർഡുകളിലേക്ക് പോകും. ഓരോ വാർഡിനും നല്കിയിരിക്കുന്ന വീൽചെയറിലും സ്റ്റെച്ചറിലും വാർഡിന്റെ പേര് എഴുതി ചേർത്തിട്ടുണ്ട്. ഡ്യൂട്ടി മാറുന്പോൾ ഹെഡ് നഴ്സ് തന്റെ വാർഡിലെ വീൽചെയറും സ്ട്രെ ച്ചറും എവിടെയെന്ന് അറ്റൻഡർമാരോട് അന്വേഷിക്കും.
കണ്ടില്ലെങ്കിൽ അത് തേടിപ്പിടിച്ചു കൊണ്ടുവരേണ്ടത് അറ്റൻഡർമാരാണ്. പലപ്പോഴും വാർഡുകൾ കയറിയിറങ്ങി മണിക്കൂറുകൾ തെരഞ്ഞു കഴിഞ്ഞാവും സ്വന്തം വീൽ ചെയർ കിട്ടുക. രോഗികളെ കൊണ്ടുപോകുന്ന വീൽ ചെയർ തിരികെ വാർഡിൽ എത്തിക്കണമെന്നാണ് നിർദേശം. എന്നാൽ ആവശ്യം കഴിഞ്ഞാൽ എവിടെയെങ്കിലും ഉപേക്ഷിച്ച് പോകുന്നവരാണ് മിക്കവരും. ഇതാണ് ജീവനക്കാരെ വലയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു അറ്റൻഡർ വാർഡുകൾ കയറിയിറങ്ങി വിൽചെയർ അന്വേഷിച്ചു നടക്കുന്നുണ്ടായിരുന്നു. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ തങ്ങളുടെ സ്റ്റേ പാസ് തിരികെ നല്കണമെന്നാണ് വ്യവസ്ഥ. പക്ഷേ മിക്കവരും അത് നല്കാറില്ല. അതുപോലെ തന്നെയാണ് വീൽ ചെയറിന്റെ കാര്യവും.