തിരുവല്ല: താലൂക്ക് ആശുപത്രിയിലെത്തുന്ന പനി ബാധിതരുടെ എണ്ണം കൂടുന്നു. നിത്യേന ശരാശരി ആയിരത്തിലേറെ രോഗികളാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തുന്നത്. പനി പടർന്നു പിടിച്ചതോടെ രോഗികളുടെ വരവിന്റെ എണ്ണം കൂടി. എത്തുന്നവരിൽ പകുതിയിലേറെയും കുട്ടികളാണ്. തുടർച്ചയായുള്ള പനി മൂലം താലൂക്കിലെ പല വിദ്യാലയങ്ങളിലും ക്ലാസുകളിൽ കുട്ടികളുടെ ഹാജർനില പകുതിയോളമാണ്.
സ്കൂളിൽ തന്നെ ക്ലിനിക്കുകൾ തുടങ്ങേണ്ട അവസ്ഥയാണിപ്പോൾ. താലൂക്കിലെ ചില സ്കൂളുകളിൽ ഒരു ക്ലാസിൽ തന്നെ പനിമൂലം പത്തിലെറെ കുട്ടികളാണ് അവധിയെടുക്കുന്നത്. വൈറൽ പനി പിടിപെട്ടാൽ ഒരാഴ്ചയാകും പനി സുഖപ്പെട്ടുവരാൻ എന്നാണ് ഡോക്ടർമാർ പറയുന്നത്. മാലിനജലം കെട്ടി നിൽക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഓടകളും, അവിടവിടെ കൂന്നുകൂടുന്ന ഖരമാലിന്യവും കൊതുകിനും ഈച്ചക്കും മുട്ടയിട്ടു പെരുകാൻ അനുകൂല സാഹചര്യമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.
രോഗപ്രതിരോധ നടപടികളിലും നഗരസഭ ആരോഗ്യ വിഭാഗം കുറ്റകരമായ അലംഭാവമാണ് തുടരുന്നതെന്നു നഗരവാസികൾ ആക്ഷേപം ഉന്നയിക്കുന്നു. പനി ഭേദമായി ക്ലാസുകളിലെത്തുന്നവർക്കു പിന്നാലെ മറ്റു കുട്ടികൾ ഒന്നൊന്നായി പനി പിടിച്ചു വീടുകളിലും ആശുപത്രികളിലും കിടപ്പാണ്. ഓഫീസിലും ജീവനക്കാർ കുറവാണ്.
ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടറുടെ അഭാവവും കിടത്തിച്ചികിത്സാ സൗകര്യമില്ലാത്തതും രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. റാന്നി താലൂക്കാശുപത്രിയിൽ നിത്യവും എത്തുന്ന റോഗികളുടെ ബാഹുല്യമനുസരിച്ച് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന പരാതിയുണ്ട്. ഇവിടെ നിന്നു രോഗികൾക്ക് ആവശ്യമായ മരുന്നുകൾ നൽകാതെ കൂടുതൽ മരുന്നുകൾ പുറത്തേക്ക് കുറിച്ചു കൊടുക്കുകയാണെന്നും രോഗികൾ പറയുന്നു.