കൊല്ലം: അരയ്ക്ക് താഴെ തളർത്തിയ വിധി നൽകിയ വേദനകളെ മറക്കാൻ ഇഷ്ടനടൻ മോഹൻലാലിന്റെ ട്രോളുകളുമായി കൂട്ടുകൂടിയിരിക്കുകയാണ് അക്ഷയ് . വാടകവീട്ടിലെ കുടുസുമുറിയിൽ വീൽച്ചെയറിന്റെ ഇത്തിരിവട്ടത്തിൽ നിന്നുളള മോചനം ആഗ്രഹിക്കുന്നു.
സ്വന്തമായി ഒരു കുഞ്ഞു വീടും ഇരുന്ന് ചെയ്യാവുന്ന ജോലിയുമാണ് അക്ഷയ്യുടെ സ്വപ്നം . ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖങ്ങൾക്ക് ഹാജരായെങ്കിലും വൈകല്യത്തിന്റെ വലുപ്പം കൂടുതലാണെന്നു പറഞ്ഞ് മടക്കിയയ്ക്കുകയാണ് ചെയ്യുന്നത്. വിധി തളർത്തിയ തന്നെ ക്രൂരമായി കുത്തി വേദനിപ്പിക്കുകയാണ് അധികാരികൾ ചെയ്യുന്നതെന്നാണ് അക്ഷയ് പരിതപിക്കുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസിൽ സെക്കൻഡ് ഗ്രേഡ് അറ്റൻഡർ തസ്തികയിലേക്കുളള അഭിമുഖത്തിനാണ് ആദ്യം വിളിച്ചത്. ചുമലിലേറ്റി മൂന്നാം നിലയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. നടക്കാനാകാത്തയാളെ എങ്ങനെ ജോലിക്കെടുക്കുമെന്നായിരുന്നു ചോദ്യം. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിലും അഭിമുഖത്തിന് പോയി. കൊല്ലത്തുനിന്ന് ടാക്സി വിളിച്ചാണ് പോയത്. തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി നൽകാനാകുമോയെന്ന് നോക്കട്ടെയെന്നു പറഞ്ഞ് അധികൃതർ മടക്കി അയച്ചു.
അതും നടന്നില്ല. വിധിയുടെ വിലക്കുകളെ ഇച്ഛാശക്തികൊണ്ട് നേരിട്ടാണ് അക്ഷയ് പത്താം ക്ലാസിൽ എൺപതു ശതമാനം മാർക്ക് വാങ്ങി വിജയിച്ചത്. അരയ്ക്ക് താഴെ ഒട്ടുംചലനശേഷിയില്ലാത്ത അവൻ നീരാവിൽ എസ് എൻ ഡി പി സ്കൂളിലെ അധ്യാപകരുടെയും കൂട്ടുകാരുടെയും സഹയത്തോടെ പ്ലസ് ടുവും ജയിച്ചു.
ഈ വേദനകളിൽ നിന്നും അൽപം മോചനത്തിന് അക്ഷയിന് തുണ ട്രോളുകളാണ്. ഒരു അഭ്യുദയകാംക്ഷ ിനൽകിയ ലാപ് ടോപ്പ് ഉപയോഗിച്ച് പഠിച്ച ഫോട്ടോഷോപ്പിൽ വീട്ടിൽ ഇരുന്ന് ഇഷ്ട നടൻ മോഹൻലാലിന്റെ ട്രോളുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണിപ്പോൾ .
രണ്ടരലക്ഷത്തോളം അംഗങ്ങളുളള ദി മോഹൻലാൽ കംപ്ലീറ്റ് ആക്ടർ എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ ദിവസവും അക്ഷയ് അച്ചു എന്ന പേരിൽ ട്രോളുകളും പോസ്റ്റുകളും ചെയ്യാറുണ്ട്. നിരവധിപേരാണ് അക്ഷയുടെ ട്രോളുകൾ ദിവസവും കാണുകയും ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത്. ഇപ്പോൾ ഈ ഗ്രൂപ്പിന്റെ നെടുംതൂണായി അക്ഷയ്യെന്ന് അഡ്മിൻ ലിജോതോമസ് പറയുന്നു.
ജനിച്ച് ഏഴാം മാസത്തിൽ പിടിപെട്ട പനിയാണ് ഈ യുവാവിന്റെ ശരീരം തളർത്തിയത്. പല ആശുപത്രികളിലും ചികിത്സിച്ചെങ്കിലും ഗുണമുണ്ടായില്ല. ചെലവ് താങ്ങാനാകാതെ കിടപ്പാടം വിൽക്കേണ്ടിവന്നെന്ന് അച്ഛൻ വിജയൻ പറയുന്നു. അങ്കണവാടി അധ്യാപിക ശോഭനയാണ് അമ്മ. സഹോദരി മീനാക്ഷി പ്ലസ്ടു വിദ്യാർഥിനിയാണ് . വേദനകളും ദുരിതങ്ങളും മാറ്റി നിർത്തി അക്ഷയ് ട്രോളുകളുടെ ലോകത്താണ് .ഇഷ്ടനടന്റെ ഡയലോഗുകൾ അക്ഷയ് വേദനകളോട് പറയുന്നു… നീ പോമോനെ ദിനേശാ…