വൈപ്പിൻ: കണ്ടെയ്നർറോഡിലെ ടോൾ പിരിവ് സംബന്ധിച്ച് ജനപ്രതിനിധികളും സമരസമിതി നേതാക്കളുമായി ഉണ്ടാക്കിയ ധാരണ ഒരു കരാറായി എഴുതിതയാറാക്കി പ്രസിദ്ധപ്പെടുത്തണമെന്ന് എസ്. ശർമ്മ എംഎൽഎ ആവശ്യപ്പെട്ടു.
കടമക്കുടി, മുളവുകാട്, ചേരാനെല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളാണ് റോഡിനായി സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുത്തിയത്. ഇവരുടെവാഹനങ്ങൾക്കും വീടുനിർമാണത്തിനും മറ്റുമായി എത്തുന്ന വാഹനങ്ങൾക്കും ടോൾ ഈടാക്കരുതെന്നും യഥാസമയം സർവീസ് റോഡിന്റെയും മറ്റും അറ്റകുറ്റപ്പണികൾ നടത്തണമെന്നതടക്കമുള്ള കാര്യങ്ങൾ ടോൾപിരിവ് സംബന്ധിച്ചു നടത്തിയ ചർച്ചകളിൽ അംഗീകരിച്ചിട്ടുള്ളതാണ്.
സർവീസ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചതിനുശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാൻ പാടുള്ളൂവെന്ന ആവശ്യവും ദേശീയ പാത അഥോറിറ്റി അംഗീകരിച്ചിരുന്നതാണ്. എന്നാൽ ധാരണകൾക്ക് വിരുദ്ധമായി ഇപ്പോൾ ടോൾ പിരിവ് ആരംഭിച്ചിരിക്കുന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.