നെടുങ്കണ്ടം: പോലീസുകാർ വാഴാത്ത നെടുങ്കണ്ടം പോലീസ് സ്റ്റേഷന് ഒടുവിൽ കസ്റ്റഡി മരണത്തിന്റെ കളങ്കവും. ജനമൈത്രി പോലീസിനു ദുഷ്പേരുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് കുറച്ചുനാളുകളായി ഇവിടെ നടക്കുന്നതെന്നു പോലീസുകാർതന്നെ സമ്മതിക്കുന്നു.
പരാതികളുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ചിലരുടെ ഇത്തരം പ്രവർത്തനങ്ങളെ ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്.
ഒരുവർഷത്തിനിടെ നെടുങ്കണ്ടം സ്റ്റേഷനിൽനിന്നു സ്ഥലംമാറിയത് സിഐയും എസ്ഐയും അടക്കം 20 പേരാണ്. ഇവരിൽ പത്തുപേർ വിവാദങ്ങളിൽപെട്ട് സസ്പെൻഷനിലായി. 2018-ൽ ഇ.കെ. സോൾജിമോൻ സ്ഥാനക്കയറ്റം ലഭിച്ച് സിഐയായി ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയതോടെ പുതിയ എസ്ഐയായി എം.പി. സാഗർ എത്തി.
ചുമതലയേറ്റ് ഏഴാംദിവസം വട്ടപ്പാറയ്ക്കുസമീപം എസ്എഫ്ഐ പ്രവർത്തകർ റോഡിൽ വരച്ച ചെഗുവേരയുടെ ചിത്രം മായിപ്പിച്ചതിനു സാഗറിനെ വാഗമണ്ണിലേക്ക് മാറ്റി. ഇതിനുശേഷം കെ.എസ്. ശ്യാംകുമാർ എത്തി. 18-ാം ദിവസം മൂന്നര വയസുകാരിയെയും പിതാവിനെയും മൂന്നുമണിക്കൂർ സ്റ്റേഷനിൽ നിർത്തിയെന്ന ആരോപണത്തെതുടർന്ന് ശ്യാംകുമാറിനെ സ്ഥലംമാറ്റി.
മന്ത്രി എം.എം. മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചക്രം ഉൗരിപ്പോയ സംഭവത്തിൽ എഎസ്ഐയെ സ്ഥലംമാറ്റി. ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മുൻ സിഐ അയുബ്ഖാൻ, എഎസ്ഐ സാബു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദന ആരോപണം ഉയർന്നതോടെ എസ്ഐ അടക്കം അറസ്റ്റിലാവുകയും എട്ടുപേരെ സസ്പെൻഡുചെയ്യുകയും അഞ്ചുപേരെ സ്ഥലംമാറ്റുകയും ചെയ്തു. രാജ്കുമാർ കസ്റ്റഡി മരണത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുന്പോൾ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും വർധിക്കും.
ഇതിനിടെ രാജ്കുമാർ കസ്റ്റഡിയിൽ ഉണ്ടായിരുന്ന 12 മുതൽ 16 വരെയുള്ള തീയതികളിൽ ഉണ്ടായിരുന്ന 52 പോലീസുകാരെയും സ്ഥലംമാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി നെടുങ്കണ്ടം സ്വദേശിയായ എഎസ്ഐയെ ഇടുക്കി എ.ആർ. ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്.