കോതമംഗലം: ബാർഹോട്ടലിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതി പോലീസിൽ കീഴടങ്ങി. കോതമംഗലത്തത് ബാറിലുണ്ടായ സംഘർഷത്തിൽ സാരമായി പരിക്കേറ്റ കുറ്റിലഞ്ഞി ഇരട്ടേപ്പന്‍പറമ്പില്‍ വസന്ത് (വസന്തകുമാർ- 47) ആണ് ചികിൽസയിൽ കഴിയവെ ഇന്നലെ മരിച്ചത്.
സംഭവത്തിൽ പെരുമ്പാവൂര്‍ മുട്ടക്കൽ സ്വദേശി കോട്ടയം റഫീഖ് എന്നറിയപ്പെടുന്ന പാറയ്ക്കൽ വീട്ടിൽ റഫീഖ് (48) ഇന്ന് പുലർച്ചെ കോതമംഗലം പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം ആറിനാണ് വസന്തിന് മര്‍ദനമേറ്റത്.
മര്‍ദനത്തിനിടെ വസന്തിന്റെ പിന്‍വശം ശക്തമായി മതിലിടിച്ചാണ് പരിക്കേറ്റത്. സുഷുമ്നാനാഡി തകര്‍ന്നതിനെ തുടര്‍ന്നു വസന്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു വസന്ത്. എറണാകുളം അമൃതാ ആശുപത്രിയില്‍ നിന്ന് വ്യാഴാഴ്ചയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ മരണവും സംഭവിച്ചു.
റഫീഖിന്റെ ആക്രമണത്തില്‍ വസന്ത് പരിക്കേറ്റ് വീഴുന്നതിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിരുന്നു. നേരത്തെ വധശ്രമത്തിനാണ് റഫീഖിനെതിരേ കേസെടുത്തിരുന്നത്. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ശ്രമം നടത്തിവരികയായിരുന്നു. ഇന്നലെ വസന്ത് മരിച്ചതോടെ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുകയായിരുന്നു.
വസന്തിന്റെ സംസ്കാരം ഇന്ന് മൂവാറ്റുപുഴ നഗരസഭ പൊതു സ്മശാനത്തിൽ നടത്തും. ഭാര്യ: രാധ. മക്കൾ: ആതിര, വിനീത. മരുമക്കൾ: അഭിലാഷ്, ശ്രിജിത്ത്. പ്രതി റഫീഖിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി ചോദ്യം ചെയ്യലുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.