പറവൂർ: തത്തപ്പിള്ളിയിൽ ബിവറേജസ് മദ്യഷാപ്പിന് തീപിടിച്ചതിൽ ഏറെ ദുരൂഹതകളുണ്ടെന്ന് നാട്ടുകാർ ചുണ്ടിക്കാട്ടി. എപ്പോഴും ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തീപിടുത്തം നടന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. വില്പനശാലയിൽ ജീവനക്കാർ എത്തിയശേഷമാണ് സാധാരണ ഇയാൾ പോകാറുള്ളൂ.
പ്രളയ സമയത്ത് മദ്യം മറിച്ചു വിറ്റതായി ആരോപണമുയർന്നതിനേത്തുടർന്ന് 5 ജീവനക്കാർക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. പ്രളയശേഷം നടത്തിയ പരിശോധനകളിൽ 36 ലക്ഷം രൂപയുടെ മദ്യം കാണാതായതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണങ്ങളുണ്ട്. തീപിടുത്ത സമയത്ത് ലീവെടുത്തിരുന്ന ജീവനക്കാർ ഈ ഭാഗത്ത് നാട്ടുകാർ കണ്ടതായും പറയപ്പെടുന്നു.
ഈയിടെ പുത്തൻവേലിക്കരയിലെ മദ്യശാല വരാപ്പുഴയിലേക്ക് മാറ്റിയിരുന്നു. ഇതിനു മുൻപേ തത്തപ്പിള്ളി വില്പനശാല വരുമാനക്കുറവായതിനാൽ മറ്റൊരിടത്തേക്ക് മാറ്റണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. 5 കിലോമീറ്ററിനുള്ളിൽ നാല് വില്പന ശാലയുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. ഇതിനാലാണ് തത്തപ്പിള്ളിയിൽ വില്പന കുറയാന്‍ കാരണമെന്നും അത് ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കുറവ് വരുത്തുമെന്നും പറഞ്ഞിരുന്നു.
മൊത്തം 12 ജീവനക്കാരാണ് ഇവിടെയുള്ളത്. 1780 കെയ്സ് വിവിധ മദ്യവും 184 കെയ്സ് ബിയറും 133 കെയ്സ് വൈനുമാണ് ഇപ്പോൾ കത്തിനശിച്ചത്. ബില്ലിംഗ് മെഷീനുകളും മറ്റും തീപിടുത്തത്തിൽ നശിച്ചു. സിസിടിവി കാമറകളും കത്തിപ്പോയിട്ടുണ്ട്.