ഒറ്റപ്പാലം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. രാഷ്ട്രീയ വിവാദമായ അന്പലപ്പാറ ദീപു വധക്കേസിലെ പ്രതി അന്പലപ്പാറ കണ്ണമംഗലം പൊതുവായിൽവീട്ടിൽ പ്രശാന്തിനെ (28) യാണ് ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അന്പലപ്പാറ അറവകാട് പുഞ്ചപ്പാടത്ത് കുണ്ടിൽവീട്ടിൽ ദീപു (23) കൊല്ലപ്പെട്ട കേസിലാണ് പ്രശാന്ത് പ്രതിയായത്.
കേസിലെ വിചാരണ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങിയതായിരുന്നു ഇയാൾ. പ്രത്യേക ഷാഡോ പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
2013 സെപ്റ്റംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെഎസ്ഇബി കരാർ തൊഴിലാളിയായിരുന്ന ദീപുവിനെ കണ്ണമംഗലത്ത് വൈദ്യുതിപോസ്റ്റ് സ്ഥാപിക്കുന്നതിനിടെ മുൻവൈരാഗ്യത്തിന്റെ പേരിൽ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. തമിഴ്നാട്ടിലെ സത്യമംഗലം പുളിയംപട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.