ചാവശേരി: സമീപത്തെ സ്ഥല ഉടമ തന്റെ സ്ഥലം മണ്ണിട്ട് ഉയർത്തിയതോടെ വെള്ളക്കെട്ടിലായി ഒരു കുടുംബം. ചാവശേരി-മണ്ണോറ റോഡിലെ കെ.എം. പുരുഷോത്തമനും കുടുംബവുമാണ് വെള്ളക്കെട്ടിലായത്. വെള്ളക്കെട്ട് വീടിനും ഭീഷണിയായിട്ടുണ്ട്.
വീടിന്റെ പിറക് ഭാഗത്തെ വെള്ളക്കെട്ടിലെ ചെളിയിൽ തെന്നി വീണ് പുരുഷോത്തമന്റെ അമ്മ ഇന്ദിരയ്ക്ക് പരിക്കേറ്റിരുന്നു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വീടിനു പിറകിലെ ഓവുചാലിലൂടെയായിരുന്നു വെള്ളം വാർന്നു പോയിരുന്നത്.
സമീപത്തെ സ്ഥലം മണ്ണിട്ടു മൂടിയതോടെ ഓവുചാലിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടു. കഴിഞ്ഞ വർഷം സമാന രീതിയിൽ വെള്ളക്കെട്ടുണ്ടാവുകയും വീട്ടിൽ വെള്ളം കയറുകയും ചെയ്തതിനെ തുടർന്നു ഇരിട്ടി നഗരസഭയും ചാവശേരി വില്ലേജ് അധികൃതരും ഇടപെട്ട് വെള്ളം ഒഴുകാൻ സംവിധാനം ഒരുക്കിയിരുന്നു. ഇത് മണ്ണ് നിറഞ്ഞു മൂടിയ നിലയിലാണിപ്പോൾ.