ദ് ക്രോക്കഡൈൽ ഹണ്ടർ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകപ്രശസ്തനായ അന്തരിച്ച സ്റ്റീവ് ഇർവിനെ അറിയാത്തവർ ചുരുക്കമാണ്. ഓസ്ട്രേലിയൻ വന്യജീവി സംരക്ഷകനായ സ്റ്റീവ് അകാലചരമമടഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഓർമകൾ ലക്ഷക്കണക്കിനാളുകളുടെ മനസിൽ പതിഞ്ഞു കിടക്കുന്നു.
അദ്ദേഹം വിടവാങ്ങി 13 വർഷങ്ങൾ കഴിയുന്ന വേളയിൽ ഒരു ചിത്രത്തിലൂടെ ഓർമകളെ പിന്നിലേക്ക് കൊണ്ടുവരികയാണ് അദ്ദേഹത്തിന്റെ മകൻ റോബർട്ട് ഇർവിൻ. അച്ഛനെ പോലെ തന്നെ മുതലയ്ക്ക് ഭക്ഷണം നൽകുന്ന ചിത്രം പങ്കുവച്ചാണ് പിതാവിന്റെ അവിസ്മരണീയമായ ഓർമകളെ ഇർവിൻ അയവിറക്കുന്നത്.
“മുറെയ്ക്ക് ഭക്ഷണം നൽകുന്ന ഞാനും അച്ഛനും. അതേ സ്ഥലം, അതേ മുതല, രണ്ട് ചിത്രങ്ങളും തമ്മിൽ 15 വർഷത്തിന്റെ വ്യത്യാസം’. റോബർട്ട് കുറിച്ചു. ഈ ചിത്രത്തിന് പ്രതികരണമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. സ്റ്റീവ് ഇർവിന്റെ കാലഘട്ടത്തിലേക്ക് തങ്ങളെ മടക്കിക്കൊണ്ടുപോയെന്നാണ് ഭൂരിഭാഗമാളുകളുടെയും അഭിപ്രായം.
2006 സെപ്റ്റംബർ 4ന് ഓഷ്യൻസ് ഡെഡ്ലിയെസ്റ്റ് എന്ന് പേരിട്ട ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടെയിൽ കടലിനടിയിൽ വച്ച് തിരണ്ടിയുടെ കുത്തേറ്റ് ചോരവാർന്നാണ് സ്റ്റീവ് മരണമടഞ്ഞത്.