ബംഗളൂരു: കർണാടക വിമത എംഎൽഎമാരുടെ രാജിക്കത്ത് സ്പീക്കറുടെ ഓഫീസിൽ കീറിക്കളഞ്ഞതായ ആരോപണം ശരിവച്ച് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. എച്ച്.ഡി.കുമാരസ്വാമി സർക്കാരിനെ പ്രതിസന്ധിയിലാക്കി 11 എംഎൽഎമാരാണ് സ്പീക്കർക്ക് രാജി നൽകിയത്. കോൺഗ്രസിലെ എട്ടും ജനതാദൾ സെക്കുലറിലെ മൂന്നും എംഎൽഎമാരുമാണ് രാജി നൽകിയത്.
എംഎൽഎമാർ 11 പേരും വൈകുന്നേരം സ്പീക്കറുടെ ഓഫീസിലെത്തി രാജിക്കത്ത് നൽകുകയായിരുന്നു. എന്നാൽ സ്പീക്കർ ഓഫീസിൽ ഉണ്ടായിരുന്നില്ല. ഇവിടെയെത്തിയ ശിവകുമാർ രാജിക്കത്തുകൾ കീറിക്കളഞ്ഞതായാണ് ആരോപണം.
താൻ രാജിക്കത്തുകൾ കീറിക്കളഞ്ഞതായി ശിവകുമാർ പറഞ്ഞു. അപ്പോഴുണ്ടായ വികാരത്തിന്റെ പുറത്താണ് അത് ചെയ്തത്. അതിൽ അവർ തനിക്കെതിരെ പരാതി നൽകട്ടെ. താൻ വലിയ സാഹസമാണ് ചെയ്തത്. തന്റെ സുഹൃത്തുക്കളെയും പാർട്ടിയെയും സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്നും ശിവകുമാർ പറഞ്ഞു. ശിവകുമാർ രാജിക്കത്ത് കീറിക്കളഞ്ഞതായി ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പയാണ് ആരോപിച്ചത്. സംഭവത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു.