ആർപ്പൂക്കര: ക്ഷേത്രത്തിനു സമീപം വീണ്ടും കുരങ്ങെത്തി. ഇന്നലെ രാവിലെയാണ് കുരങ്ങിനെ നാട്ടുകാർ കണ്ടത്. ഏതാനും മാസങ്ങൾക്കു മുന്പും പ്രദേശത്ത് കുരങ്ങിനെ കണ്ടിരുന്നുവെങ്കിലും പിന്നീട് അത് അപ്രത്യക്ഷമാകുകയായിരുന്നു.
സിമന്റ് ലോഡുമായി വരുന്ന ലോറികളിൽ കയറിയാണ് കുരങ്ങ് ഇവിടെ എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പനന്പാലത്തുള്ള സിമന്റ് ഗോഡൗണിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ലോറികളിൽ സിമന്റ് എത്തുന്നത്.
മിക്കവാറും രാത്രി കാലങ്ങളിൽ ഓടിച്ചു വരുന്ന ലോറികളിലെ ഡ്രൈവർമാർ വിശ്രമത്തിനും മറ്റുമായി വഴിയരികിൽ നിർത്തുന്പോൾ ലോറികളിൽ കയറിക്കൂടുന്നതാകാം ഇവയെന്നും കരുതുന്നു.
ഇന്നലെ എത്തിപ്പെട്ട കുരങ്ങിന്റെ വാൽ പകുതിയോളം മുറിഞ്ഞു പോയതുപോലെ തോന്നിക്കുന്നതാണ്. അന്പലക്കവലയിൽ രാവിലെ കണ്ട കുരങ്ങ് പിന്നീട് പെരുന്പടപ്പ് ഭാഗത്തേയ്ക്ക് നീങ്ങിയിരുന്നു. ആക്രമണ സ്വഭാവങ്ങളൊന്നും കുരങ്ങ് കാണിക്കുന്നില്ല.