മുക്കം: കെഎസ്ആർടിസി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ യാത്രക്കാരന് തുണയായി. മൈസൂർ-കോഴിക്കോട്-തിരുവമ്പാടി ബസിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യാത്രക്കാരനാണ് തിരുവമ്പാടി ഡിപ്പോയിലെ ജീവനക്കാർ അടിയന്തര വൈദ്യ ശുശ്രൂഷ ലഭ്യമാക്കിയത്. ബുധനാഴ്ച രാത്രി ഏഴിന് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് നഞ്ചൻഗോഡ് പിന്നിട്ടപ്പോഴാണ് സംഭവം.
ഭർത്താവ് സീറ്റിൽ കുഴഞ്ഞുവീണതോടെ യുവതി ഉച്ചത്തിൽ കരഞ്ഞു. കണ്ടക്ടർ മുക്കം കാരമൂല സ്വദേശി കൊളത്തിൻകണ്ടി അജിത് കുമാർ വെള്ളം തളിച്ച് അദ്ദേഹത്തെ ഉണർത്താൻ ശ്രമിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ബോധം വരികയും വെള്ളം കുടിക്കുകയും ചെയ്തു.
പക്ഷേ യാത്രക്കാരൻ അസ്വസ്ഥനാണെന്ന് മനസിലാക്കിയ ഡ്രൈവർ ചാത്തമംഗലം എൻഐടി സ്വദേശി കെ.ഇ. സുരേഷ് ബാബുവും അജിത് കുമാറും ചേർന്ന് ഹൈവേയിൽ നിന്ന് മാറി യുള്ള കലാലെ ജംഗ്ഷനിലെ കരുണാലയഹോസ്പിറ്റലിൽഎത്തിച്ചു. ബസ് ആശുപത്രി കോമ്പൗണ്ടി ൽ കയറ്റിയാണ് സഹയാത്രികരുടെ സഹായത്തോടെ യാത്രക്കാരനെ ആശുപത്രിയിലാക്കിയത്.
രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് യാത്രക്കാരൻ കുഴഞ്ഞു വീണത്. ആശുപത്രി ഐസിയുവിലാ ക്കിയ രോഗിയുടെ വയനാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ച് സഹായമെല്ലാം ഏർപ്പാടാക്കിയ ശേഷമാണ് ബസ് മടങ്ങിയത്.ഹൈദരബാദിലെ കല്യാൺ ജ്വല്ലറി ജീവനക്കാരനായ യാത്രക്കാരനും കുടുംബവും പുൽപ്പള്ളിയിലേക്ക് പോകുകയായിരുന്നു.