ഹൈദരാബാദ്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. രാഷ്ട്രീയപ്രതിസന്ധി നിലനിൽക്കുന്ന കർണാടകയിൽ ബിജെപി ഉടൻ സർക്കാർ രൂപീകരിക്കില്ല. എന്നാൽ ഉറപ്പായും ബിജെപി സർക്കാർ കർണാടകയിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം, ആന്ധ്രപ്രദേശ്, തെലുങ്ക എന്നീ സംസ്ഥാനങ്ങളിലും ഭാവിയിൽ ബിജെപി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കർണാടകത്തിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന്റെ ഭാവി തുലാസിലാക്കി കോൺഗ്രസിൽനിന്നും ജനതാദളിൽനിന്നുമുള്ള 11 എംഎൽഎമാർ ശനിയാഴ്ച സ്പീക്കർ രമേശ് കുമാറിന്റെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയിരുന്നു. ഒരാൾ നിയമസഭാ സെക്രട്ടേറിയറ്റിലെത്തിയും രാജിക്കത്ത് നൽകി. ഇതോടെ 13 മാസം പ്രായമുള്ള സർക്കാർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.