പൂന: ഓർഡർ ചെയ്ത ഭക്ഷണത്തിനു പകരം മറ്റൊന്ന് എത്തിച്ചു നൽകിയ ഭക്ഷണവിതരണ ആപ്ലിക്കേഷനായ സൊമാട്ടോയ്ക്കും പൂനയിലെ ഭക്ഷണശാലയ്ക്കും 55,000 രൂപ പിഴ. പൂനയിലെ ഒരു ഉപഭോക്തൃ കോടതിയാണു ശിക്ഷ വിധിച്ചത്.
വെജിറ്റേറിയൻ ഭക്ഷണമായ പനീർ ബട്ടർ മസാല ഓർഡർ ചെയ്ത അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖിനു ചിക്കൻ കൊണ്ടുള്ള ഒരു വിഭവമാണു സൊമാട്ടോ എത്തിച്ചു നൽകിയത്. ഭക്ഷണം തിരിച്ചറിയാൻ കഴിയാതെ ഷണ്‍മുഖ് ഇതു കഴിച്ചു. രണ്ടുവട്ടം ഇതു സംഭവിച്ചു. ഇതേതുടർന്നാണു ഷണ്‍മുഖ് കോടതിയെ സമീപിച്ചത്.
തങ്ങളുടെ കന്പനിയെ അപമാനിക്കാനാണു ഷണ്‍മുഖ് ശ്രമിക്കുന്നതെന്നും ഭക്ഷണത്തിന്റെ പണം തിരികെ നൽകിയിട്ടുണ്ടെന്നും സൊമാട്ടോ കോടതിയിൽ വാദിച്ചു. ഹോട്ടലിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.
എന്നാൽ സംഭവത്തിൽ സൊമാട്ടോയ്ക്കും ഹോട്ടലിനും പിഴവ് സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ഇരുവർക്കും പിഴ വിധിക്കുകയായിരുന്നു. ഹോട്ടൽ ഉടമ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.