കോട്ടയം: സഹോദരങ്ങൾ തമ്മിലുള്ള ഭിന്നത ഫയർഫോഴ്സിനും പണികിട്ടി. ചപ്പുചവറുകൾക്ക് തീയിട്ടത് തന്റെ കടയ്ക്കാണെന്നു തെറ്റിദ്ധരിച്ച് അനുജൻ ഫയർഫോഴ്സിൽ വിളിച്ചു. ഫയർഫോഴ്സ് എത്തിയപ്പോഴാണ് സഹോദരങ്ങൾ തമ്മിലുള്ള പിണക്കമാണെന്നും തീ പിടിത്തമൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമായത്. മേലിൽ ഇതാവർത്തിക്കരുതെന്ന് താക്കീത് നല്കിയാണ് ഫയർഫോഴ്സ് തിരികെ പോയത്.
മെഡിക്കൽകോളജ് കസ്തൂർബാ ജംഗ്ഷനിലാണ് സംഭവം. ജയിംസ് എന്നയാളുടെ മുറുക്കാൻ കടയ്ക്കു മുന്നിൽ ജ്യേഷ്ഠൻ രാജു പടുത കെട്ടി മറ്റൊരു കച്ചവടത്തിനു തയാറായി. ഇതോടെ ചേട്ടനും അനുജനും തമ്മിൽ വാക്കുതർക്കം ഉടലെടുത്തു. വെള്ളിയാഴ്ച ചേട്ടന്റെ പടുത അനുജൻ അഴിച്ചുമാറ്റി. ഇതേ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും സമാധാനിപ്പിച്ചത്.
അങ്ങനെയിരിക്കെ കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ജയിംസ് വരുന്പോഴാണ് തന്റെ കടയ്ക്കു തീപിടിച്ചെന്നു തോന്നിയത്. കടയ്ക്കുമുന്നിൽ ചപ്പുചവറുകൾക്ക് ചേട്ടൻ തീയിട്ടതായിരുന്നു. കടയ്ക്ക് തീപിടിച്ചെന്നു പറഞ്ഞ് ഉടനെ ഫയർഫോഴ്സിലേക്ക് വിളിച്ചു. ഫയർഫോഴ്സ് പാഞ്ഞെത്തിയപ്പോഴാണ് ചേട്ടന്റെയും അനുജന്റെയും ഭിന്നതയാണ് കാരണമെന്നറിഞ്ഞത്. ഫയർഫോഴ്സ് പോയത് കടയ്ക്കു തീപിടിച്ചതാണെന്നറിഞ്ഞ് പിന്നാലെ എത്തിയ ഫോട്ടോഗ്രാഫർൻമാർക്കും പണികിട്ടി.