മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടയാള്‍ ഐ.ടി ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 24 ലക്ഷം രൂപ. ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി. കമ്പനി ജീവനക്കാരിയായ 25 കാരിയാണ് കബളിപ്പിക്കലിന് ഇരയായത്. ജനുവരിയിലാണ് പ്രമുഖ വൈവാഹിക സൈറ്റില്‍ യുവതി അംഗമായത്. പിന്നീട് വിശാല്‍ എന്നു പരിയപ്പെടുത്തിയ യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ആമസോണിലെ ഉദ്യോഗസ്ഥനും പെണ്‍കുട്ടിയുടെ നാട്ടുകാരനുമാണ് ഇയാളെന്നാണ് യുവതിയെ ധരിപ്പിച്ചിരുന്നത്.
ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ സ്വന്തമായി സ്ഥലം വാങ്ങണമെന്നും കാറു വാങ്ങണമെന്നും ആവശ്യപ്പെട്ട് 14 തവണയായി യുവതില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് പരാതി. ഒന്നിച്ചുള്ള ജീവിതത്തിന് ഇവയെല്ലാം സഹായകമാകുമെന്നാണ് യുവതിയെ ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. യുവതിയുടെ പേരില്‍ നാലോളം ക്രെഡിറ്റ് കാര്‍ഡുകളും ഇയാള്‍ സ്വന്തമാക്കി. ഇവയുപയോഗിച്ച് ആഡംബര വസ്തുക്കളും വസ്ത്രങ്ങളും വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ ബില്ല് യുവതിയാണ് അടയ്ക്കുന്നത്.
മെയ് അവസാനത്തോടെ ഇയാള്‍ യുവതിയുടെ ഫോണെടുക്കാതെയായി. നേരിട്ട് കാണാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും പരാതിയിലുണ്ട്. സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയതുള്‍പ്പെടെയുള്ള പണമാണ് യുവാവിന് ഇവര്‍ നല്‍കിയിരുന്നത്. ആദ്യഘട്ടത്തില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സന്നദ്ധ സംഘടനയെയാണ് യുവതി സമീപിച്ചത്. സന്നദ്ധ സംഘടനയുടെ സഹായത്തോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഇലക്ട്രോണിക് സിറ്റി പോലീസ് അറിയിച്ചു.