ആലുവ: നിർദിഷ്ട കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിന് മുന്നോടിയായി പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവർത്തനം മന്ദഗതിയിൽ. ഇവിടെ പ്രവർത്തിക്കുന്ന പഴക്കട വ്യാപാരി ഇതുവരെ മാറാൻ തയാറാകാത്തതാണ് കെട്ടിടം പൊളിക്കാൻ കാലതാമസം നേരിടുന്നത്. എൽ ആകൃതിയിൽ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ 30 ശതമാനം കെട്ടിട ഭാഗങ്ങൾകൂടി ഇനി പൊളിക്കാനുണ്ട്. ഇതിലാണ് വ്യാപാരശാല പ്രവർത്തിക്കുന്നത്.
വാടക കൂട്ടിയതിൽ എതിർപ്പുമായി കെഎസ്ആർടിസിയ്ക്കെതിരേ വ്യാപാരി കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഈ കേസ് ബുധനാഴ്ച കോടതിയുടെ മുമ്പിൽ വീണ്ടും വരും. പദ്ധതിയെ തടസപ്പെടുത്താതെ വ്യാപാരിയോട് ഒഴിയാൻ കോടതി നിർദേശിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതർ. പൊളിച്ച ഭാഗങ്ങളിലെ കമ്പികൾ മുറിച്ചെടുക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കെട്ടിടം പാതിയിലധികം പൊളിച്ചുകഴിഞ്ഞതിനാൽ ഡിപ്പോയുടെ അകത്തുനിന്ന് കൂടുതൽ ബസുകൾ ആരംഭിച്ചു തുടങ്ങി. ഇത് യാത്രക്കാർക്കും ഉപകാരമാകുന്നുണ്ട്. ആലുവയിൽ നിന്ന് പുറപ്പെടുന്ന ചേർത്തല, പറവൂർ, കാക്കനാട് ഓർഡിനറികൾ, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് സ്റ്റാൻഡിനകത്തുനിന്ന് ആരംഭിക്കുന്നത്. മറ്റ് ഡിപ്പോകളിലെ ബസുകൾ സ്റ്റാൻഡിന് മുന്നിലുള്ള റോഡിലൂടെയാണ് കടന്നുപോകുന്നത്.
കോതമംഗലം ബസുകൾ പമ്പ് കവല വഴി പോകുന്നു. രാത്രി ഏഴു വരെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ദേശീയപാത വഴിയാണ് പോകുന്നത്.പൊളിച്ച കെട്ടിടത്തിലെ കമ്പികൾ മോഷ്ടിക്കാൻ രാത്രികാലങ്ങളിൽ കള്ളന്മാർ എത്തുന്നത് അധികൃതർക്ക് തലവേദനയായി. ഒരു സെക്യൂരിറ്റി മാത്രമാണ് ഇവിടെയുള്ളത്. പലവഴികളിലൂടെ ആർക്കും കയറാനാകുന്നതിനാൽ കള്ളന്മാരുടെ ശല്യം വർധിച്ചിരിക്കുകയാണ്.