മുക്കം: അഞ്ച് മാസമായി ശമ്പളമില്ലാത്തതിനെ തുടർന്ന് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ കരാർ ജീവനക്കാർ ദുരിതത്തിൽ. കോഴിക്കോട്, വയനാട് എസ്എസ്എ വിഭാഗത്തിൽപ്പെടുന്ന ബിഎസ്എൻഎൽ എക്സ്ചേഞ്ചിന്റെ കീഴിലുള്ള ഓഫിസുകൾ, കസ്റ്റമർ കെയർ, സീപ്പർമാർ, പുറത്ത് ലൈൻമാൻമാരോടൊപ്പം സഹായിക്കുന്നവർ എന്നീ വിഭാഗങ്ങളിൽ പെടുന്ന എഴുന്നൂറോളം ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്. ഇവർക്ക് ഫെബ്രുവരി മാസം വരെ ശമ്പളം ലഭിച്ചിരുന്നു. എന്നാൽ അതിനുശേഷം മാർച്ച് മുതൽ ജൂൺ വരെ ശമ്പളം വിതരണം നടത്താതിനാൽ കരാർ ജീവനക്കാർ കഷ്ടപ്പെടുകയാണ്.
ബിഎസ്എൻഎല്ലിൽ ശമ്പളം നൽകാനുള്ള ഫണ്ടിന്റെ അഭാവമാണ് അഞ്ച് മാസത്തെ ശമ്പളം കുടിശികയാവാൻ കാരണം. സംസ്ഥാനത്ത് വിവിധ കമ്പനിയുടെ മേൽനോട്ടത്തിലാണ് കരാറുകാർ ജോലി ചെയ്യുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ തിരുവനന്തപുരത്തെ മീഗാർഡ് കമ്പനിയുടെ കീഴിയിലാണ് കരാർ ജീവനക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് വിവിധ കരാർ കമ്പനികളിലായി 7000 ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്ക്.
ഇരുപത് വർഷം മുതൽ ഇരുപത്തഞ്ച് വർഷം വരെ കരാർ ജോലി ചെയ്ത് സ്ഥിരമായി ശമ്പളം വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ശമ്പളം മുടങ്ങിയതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാൽ സ്ഥിര ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന് ഇവർ ആരോപിക്കുന്നു.
രാവിലെ ഒന്പത് മണി മുതൽ അഞ്ച് മണി വരെ കാരാർ ജീവനക്കാർ ജോലി ചെയ്യണമെന്നാണ് ചട്ടം. ശമ്പളം ഇല്ലാത്തതിനാൽ ലീവ് എടുത്ത് മറ്റ് ജോലിക്ക് പോകാമെന്ന് വിചാരിച്ചാൽ കരാർ ജോലി നഷ്ടപ്പെടുകയും ചെയ്യും. ഇങ്ങനെ അവധിയെടുത്ത 56 പേർ ജില്ലയിൽ നിന്ന് പുറത്ത് പോയതായി കരാർ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 56 വയസ് പൂർത്തിയായവരെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കുന്നതായും പരാതിയുണ്ട്.
ശമ്പളം, ബോണസ് എന്നിവ അടക്കമുള്ള പ്രശ്നനങ്ങൾ സംബന്ധിച്ച് റീജണൽ ലാബർ വിഭാഗം അധികൃതർക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കരാർ ജീവനക്കാർ പറയുന്നു. തിരിച്ചറിയൽ കാർഡ്, യൂനിഫോം എന്നിവയും നടപ്പിലാക്കിയില്ലെന്നും ശമ്പളം ലഭ്യമാക്കാനെങ്കിലും അടിയന്തര നടപടി ഉണ്ടാകണമെന്നും കരാർ ജീവനക്കാർ ആവശ്യപ്പെടുന്നു.