തലശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി 76 പവൻ തൂക്കം വരുന്ന സ്വർണക്കട്ടി കൊള്ളയടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എ.വി.കെ.നായർ റോഡിൽ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമിനെ അക്രമിച്ച് സ്വർണക്കട്ടി കവർന്ന കേസിലാണ് സിഐ സനൽകുമാർ ,എസ് ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.
ആഡംബര ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊള്ള നടത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു.ഇവരിൽ രണ്ട് പേർ ഹെൽമറ്റ് ധരിച്ചിരുന്നു. മറ്റൊരാൾ തൂവാല കൊണ്ട് മുഖം മറക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് അവ വിശദമായി പരിശോധിച്ച് വരികയാണ്.പ്രതികൾ ബൈക്കിൽ എരഞ്ഞോളി പാലം വരെ എത്തിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ച് കഴിഞ്ഞു. ശ്രീകാന്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ ഓപ്പറേഷൻ നടത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
ശ്രീകാന്ത് സംഭവ ദിവസം രാവിലെ 11.30 നുളളിൽ നാല് തവണ വീട്ടിൽ നിന്നും പുറത്ത് പോയിരുന്നു. രാവിലെ 8ന് പഴയ സ്വർണാഭരണങ്ങൾ സ്വർണക്കട്ടിയാക്കുന്നതിന് പുറത്ത് പോയി. പിന്നീട് പ്രഭാത ഭക്ഷണം വാങ്ങാനും തുടർന്ന് പാൽ വാങ്ങാനും പുറത്ത് പോയിരുന്നു. 11.30 ന് കടയിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് കവർച്ചക്കിരയായത്. നാല് തവണ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശ്രീകാന്ത് ആദ്യത്തെ മൂന്ന് തവണയും ബർമുടയാണ് ധരിച്ചിരുന്നത്.
നാലാം തവണ പാന്റ്സും ഷർട്ടും ധരിച്ച് പുറത്തിറങ്ങിയപ്പോഴാണ് അക്രമിക്കപ്പെട്ടത്. കടയിലേക്ക് പോകുന്നുവെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു കവർച്ചയെന്നാണ് ഇത് സൂചിപ്പിക്കുന്നുവെന്നാണ് പോലീസ് നിഗമനം. ശനിയാഴ്ചയാണ് പുതിയ ബസ്സ്റ്റാൻഡിനടുത്ത് മേലൂട്ട് മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിന് പിന്നിലുള്ള ഇടറോഡിൽ വച്ച് സിനിമാ മോഡൽ അക്രമവും കവർച്ചയും നടന്നത്.
ഏതാനും മാസം മുമ്പ് വാദ്ധ്യർ പീടിക ജംഗ്ഷനിൽ വെച്ച് പള്ളൂരിലെ സ്വർണവ്യാപാരിയുടെ 50 പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. ഇതിന്റെ തൊട്ടടുത്തു തന്നെയാണ് സവിത ജ്വല്ലറി ഉടമ ദിനേശൻ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ടത്. ഈ കേസുകൾ ക്കൊന്നും തുമ്പില്ലാതിരിക്കെയാണ് പട്ടാപ്പകൽ കൊള്ള നടന്നിട്ടുള്ളത്.