തളിപ്പറമ്പ്: ലഹരി വിരുദ്ധ കൂട്ടായ്മയിലെത്തി ബഹളമുണ്ടാക്കിയ ലഹരി വില്പനക്കാരായ രണ്ടംഗ സംഘത്തെ നാട്ടുകാര്‍ അടിച്ചോടിച്ചു. ഇന്നലെ വൈകുന്നേരം പുളിമ്പറമ്പ് പ്രദേശത്ത് മയക്കുമരുന്നിനും വ്യാജമദ്യത്തിനുമെതിരെ ചെറുത്തുനില്‍പ്പിനായി നാട്ടുകാര്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു സംഭവം.
അടുത്തകാലത്തായി ഈ പ്രദേശത്ത് യുവാക്കള്‍ മയക്കുമരുന്നിന് അടിമകളായി മാറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രദേശത്തെ നഗരസഭാ കൗണ്‍സിലര്‍മാരായ കോമത്ത് മുരളീധരന്, വി.വി.കുഞ്ഞിരാമന്, പി.പ്രകാശന് എന്നിവര്‍ മുന്‍കൈയെടുത്ത് നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ത്തത്. നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പുല്ലായിക്കൊടി ചന്ദ്രന് അധ്യക്ഷത വഹിച്ചു.
സി.ലക്ഷ്മണന്, കരിയില്‍ രാജന്, കോമത്ത് മുരളീധരന്, പി.പ്രകാശന്, വി.വി.കുഞ്ഞിരാമന് എന്നിവര്‍ പ്രസംഗിച്ചു. യോഗം അവസാനിക്കാറായപ്പോഴാണ് രണ്ടംഗ സംഘം സ്ഥലത്തെത്തി മുസ്ലിം വിഭാഗത്തെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്. നാട്ടുകാര്‍ സംയമനത്തിന് ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെയാണ് ഇവരെ അടിച്ചോടിച്ചത്.
കഞ്ചാവ്-ലഹരി വസ്തുക്കള്‍ വിതരണം ചെയ്തതിന് പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത സംഘത്തില്‍ പെട്ടവരാണ് ബഹളമുണ്ടാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലഹരി വ്യാപനത്തിനെതിരെ ശക്തമായ ചെറുത്ത്നില്‍പ്പ് നടത്താനായി ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ഞൂറിലേറെ പേര് ജാഗ്രതാസമിതി യോഗത്തില്‍ പങ്കെടുത്തു.