ന്യൂഡൽഹി: റബറിനൊപ്പം സിലിക്കോണ്‍ ചേർത്ത് ടയറിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നത് നിർബന്ധമാക്കാനുമൊരുങ്ങി കേന്ദ്രസർക്കാർ. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി ഈ തീരുമാനങ്ങൾ സർക്കാർ പരിഗണനയിലാണെന്ന് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ടയർ നിർമിക്കുന്പോൾ റബറിനൊപ്പം സിലിക്കോണും ചേർക്കണം. മാത്രമല്ല സാധാരണ എയറിനു പകരം നൈട്രജൻ നിറയ്ക്കണമെന്നുമാണ് നിർദേശം.
അന്താരാഷ്ട്ര നിലവാരത്തിൽ സിലിക്കോണ്‍ ചേർത്ത റബർ ഉപയോഗിച്ചുള്ള ടയറുകളും നൈട്രജൻ നിറച്ച ടയറുകളും ചൂട് അധികമായാൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള വിവിധ പദ്ധതികൾക്കായി 14,000 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ റോഡ് അപകടങ്ങൾ കുറഞ്ഞപ്പോൾ ഉത്തർപ്രദേശ് അപകടങ്ങളിൽ ഒന്നാമതായെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
ഗുണങ്ങൾ
* സുരക്ഷ വർധിക്കും.
* ടയറിന്റെ ആയുസ് കൂടും.
* ടയർ തേയ്മാനം കുറയും.
* ടയർ മർദം സാധാരണ എയറിനെ അപേക്ഷിച്ച് 3-4 മടങ്ങ് അധികം നിൽക്കും.
* ഡ്രൈവിംഗ് കൂടുതൽ മെച്ചപ്പെടും.
* ഇന്ധനക്ഷമത ഉയരും.