തിരുവല്ല: ജില്ലയിലെ പ്രധാന ചെറുകിട ബിസിനസുകളിലൊന്നായി മാറിയിരിക്കുന്ന കുപ്പിയിലെ കുടിവെള്ള വിതരണം കുതിച്ചുയരുമ്പോള്‍ ഗുണനിലവാര പരിശോധന ഒപ്പമെത്താതെ കിതയ്ക്കുന്നു. ഫലമോ, രോഗാണു ബാധിതമായ കുപ്പിവെള്ളവും ആര്‍ഒ പ്ലാന്റുകളിലെ വെള്ളവും വിശ്വാസത്തിന്റെ പുറത്താണ് ആളുകള്‍ കുടിക്കുന്നത്.കഴിഞ്ഞ നവംബറില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കുപ്പിവെള്ളം പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് പേരിനൊരു പരിശോധന നടന്നത്.
പ്രളയം കൂടുതല്‍ ബാധിച്ച കുട്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല താലൂക്കുകാര്‍ക്ക് ഇപ്പോഴും കമ്പനികളുടെ കുപ്പിവെള്ളമാണ് പ്രധാന ആശ്രയം. ഒപ്പം പ്രാദേശിക തലത്തിലെ കുടിവെള്ള വിതരണക്കാരും. ഭക്ഷ്യസുരക്ഷാ വകുപ്പ് കുപ്പിവെള്ളം പരിശോധനയ്ക്കിറങ്ങുമ്പോള്‍ ഒരു പിടി കമ്പനികളെങ്കിലും കുടുങ്ങുന്നത് പതിവാണ്. ജില്ലയില്‍ കുപ്പിവെള്ളത്തിന് ആവശ്യമേറുന്നതിനാല്‍ തട്ടിപ്പ് കമ്പനികള്‍ പലതും വില്പനക്കാര്ക്ക് കമ്മിഷന് കൂടുതല്‍ നല്കി വെള്ളം എത്തിക്കുന്നുണ്ട്.
ഒരു ലിറ്റര്‍ കുപ്പിവെള്ളം 13 രൂപയ്ക്ക് വില്ക്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഒട്ടുമിക്ക കടകളിലും ഹോട്ടലുകളിലും ഇപ്പോഴും 20 രൂപയാണ് ഈടാക്കുന്നത്. നിർമാതാക്കള്‍ എട്ടു രൂപയ്ക്കാണ് വിതരണക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം നല്‍കുന്നത്. ഇത് 12 രൂപയ്ക്ക് കടകളില്‍ എത്തിക്കുന്നു. എട്ടു രൂപ ലാഭമെടുത്താണ് 20 രൂപയ്ക്ക് ചില്ലറ വില്പന.
ഈ കൊള്ളയ്ക്ക് അറുതി വരുത്താന്‍ ഉത്പാദകര്‍ തന്നെയാണ് രംഗത്തെത്തിയതെങ്കിലും കച്ചവടക്കാര്‍ ഇടയുകയായിരുന്നു.സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവ മുഖേന പൊതുവിപണിയില്‍ 20 രൂപയുടെ കുടിവെള്ളം 11 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്.
ജില്ലയിലെ മാവേലിസ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മാസം കുറഞ്ഞത് 1500 വീതം കുപ്പിവെള്ളം വിറ്റ് പോകുന്നുണ്ട്. കുടിവെള്ളം കച്ചവടച്ചരക്ക് ആയതോടെ സ്വകാര്യ ആര്‍ഒ പ്ലാന്റുകള്‍ വഴി ലിറ്ററിന് ഒരു രൂപ നിരക്കിലാണ് വെള്ളം വില്‍ക്കുന്നത്.
വാട്ടര്‍ അഥോറിറ്റിയുടെ വെള്ളമാണ് ഇവിടെ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. അള്‍ട്രാ വയലറ്റ് ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാക്കി ഇറക്കുന്ന വെള്ളമായതിനാല്‍ ഗുണമേന്മയുള്ളതാണെന്നാണ് ഉടമകളുടെ വാദം. നിരോധിച്ച കുപ്പിവെള്ളം വിറ്റാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.