തലശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി 76 പവൻ വരുന്ന സ്വർണക്കട്ടി കൊള്ളയടിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന. പ്രമുഖ രാഷ്ട്രീയപാർട്ടിയിൽ പെട്ട ക്രിമിനൽ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിൽ കൊള്ള നടത്തിയിട്ടുള്ളത് എന്നതിന് വ്യക്തമായ തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
പ്രതികൾ ഓപ്പറേഷനായി എത്തിയ വഴികളും ഓപ്പറേഷനു ശേഷം തിരിച്ച് പോയ വഴികളും പോലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. വിവിധ വഴികളിലൂടെ ഒരു കേന്ദ്രത്തിലെത്തിയ സംഘം ഓപ്പറേഷനു ശേഷം ഒറ്റ വഴിക്കാണ് മടങ്ങിയതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. കവർച്ച നടത്തിയത് മൂന്ന് പേരാണെങ്കിലും പിന്നിൽ മറ്റ് ചിലർ കൂടിയുള്ളതായി സൂചനയുണ്ട്.
രാഷ്ട്രീയ അക്രമങ്ങൾ കുറഞ്ഞതോടെ ഹവാല പണം തട്ടിയെടുക്കലിലേക്ക് തിരിഞ്ഞ രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ പട്ടാപ്പകൽ കൊള്ള നടത്താനും രംഗത്തു വന്നതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. എ.വി.കെ.നായർ റോഡിൽ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമാണ് കഴിഞ്ഞ ദിവസം കവർച്ചക്കിരയായത്. സി ഐ സനൽകുമാർ ,എസ് ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.