ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ നന്ദാദേവി പർവതം കയറുന്നതിനിടെ മഞ്ഞുമലയിടിഞ്ഞു മരിച്ച പർവതാരോഹകരുടെ അവസാന നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നാലു ബ്രിട്ടീഷുകാർ, രണ്ട് അമേരിക്കക്കാർ, ഒരു ഓസ്ട്രേലിയക്കാരൻ ഇവരുടെ ഇന്ത്യക്കാരനായ ഗൈഡ് എന്നിവർ കയറിൽ പിടിച്ചു മഞ്ഞിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.
പെട്ടെന്ന് ഒരു വലിയ ശബ്ദം കേൾക്കുന്നതും വീഡിയോ നിലയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാമെന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് വക്താവ് വിവേക് കുമാർ പാണ്ഡേ പറഞ്ഞു. അവസാനം നടന്നുപോയ പർവതാരോഹകന്റെ കൈയിലുണ്ടായിരുന്ന കാമറ 7816 മീറ്റർ ഉയരെ നന്ദാദേവിയോടു ചേർന്നുള്ള മുനിസിയാരി ബേസ് ക്യാന്പിനു സമീപം മഞ്ഞിനടിയിൽനിന്നാണു കണ്ടെത്തിയത്. ഇതിനു സമീപത്തുനിന്നാണ് അപകടത്തിൽ മരിച്ച ഏഴു പർവതാരോഹകരുടെയും മൃതദേഹങ്ങളും കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
തുടക്കത്തിൽ 12 പേരാണു സംഘത്തിലുണ്ടായിരുന്നതെങ്കിലും, നാലു ബ്രിട്ടീഷ് പൗരൻമാർ ഇടയ്ക്കുവച്ച് മടങ്ങി. മേയ് 26-നാണ് പർവതാരോഹകരുമായി അവസാന സന്പർക്കം നടക്കുന്നത്. ജൂണ് മൂന്നിന് സൈനിക ഹെലികോപ്റ്റർ മൃതദേഹങ്ങളും പർവതാരോഹണ ഉപകരണങ്ങളും കണ്ടെത്തി. എന്നാൽ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
ഇതേതുടർന്ന് ഐടിബിപി വിദഗ്ധരെ കാൽനടയായി അയച്ചു. ജീവൻ പണയംവച്ചാണ് വിദഗ്ധർ മൃതദേഹങ്ങൾ വീണ്ടെടുത്തത്. ഇവർ രാത്രി വീണ്ടെടുത്ത മൃതദേഹങ്ങൾക്ക് ഒപ്പമാണ് ഉറങ്ങിയിരുന്നതെന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനു നേതൃത്വം നൽകിയ ഐടിബിപി ഉദ്യോഗസ്ഥൻ രത്തൻ സിംഗ് സൊണാൽ പറഞ്ഞു. ജീർണിക്കുന്നത് ഒഴിവാക്കാൻ രാത്രിയിൽ മൃതദേഹങ്ങൾ മഞ്ഞിൽ കുഴിച്ചിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
ബ്രിട്ടീഷ് പർവതാരോഹകൻ മാർട്ടി മോറന്റെ നേതൃത്വത്തിലുള്ള സംഘം മേയ് 13-നാണ് മലകയറ്റം തുടങ്ങിയത്. മുന്പു രണ്ടു തവണ ഈ സംഘം നന്ദാദേവി പർവതം കീഴടക്കിയിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പർവതനിരയാണ് നന്ദാദേവി.