കാസർഗോഡ്: സന്തോഷത്തിന്റെ നിറവിലാണ് പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ അന്തേവാസികളും അധികൃതരും. മഹിളാ മന്ദിരത്തിലെ നാല് പുത്രിമാര്‍ ഒരേദിവസം ഒരേമുഹൂര്ത്തത്തില് വിവാഹിതരായതിന്റെ സന്തോഷത്തിലാണിവര്‍. ഉഷ(20), സന്ധ്യ(21), ലീലാവതി(22), ദിവ്യ (23) എന്നിവരാണ് വിവാഹിതരായത്. അനാഥരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍ മഹിളാമന്ദിരത്തിലെത്തി പെണ്ണുകണ്ട് ഇഷ്ടപ്പെട്ടവരാണ് ഇവരെ താലിചാര്‍ത്തിയത്.
എ.കെ. ജിജിലേഷ്, കെ. മണികണ്ഠന്, ഹരീഷ് ചന്ദ്രന്, സതീഷ് കുമാര്‍ എന്നിവരാണ് സുമസുകളായ ആ നാല് യുവാക്കള്‍. വടകര-വളയം സ്വദേശി ജിജിലേഷ് ഉഷയെയും പെരിയ സ്വദേശി കെ. മണികണ്ഠന് ലീലാവതിയെയും എരഞ്ഞിപ്പുഴ സ്വദേശി ഹരീഷ് ചന്ദ്രന് ദിവ്യയെയും കോളിയടുക്കം സ്വദേശി സതീഷ്കുമാര്‍ സന്ധ്യയെയും ആണ് താലി ചാര്‍ത്തിയത്. പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കളക്ടറുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
പെണ്ണ് കാണാന്‍ മഹിളാമന്ദിരത്തിലെത്തിയ നാലുപേരും പെണ്‍കുട്ടികളെ ഇഷ്ട്പ്പെട്ടതിനെ തുടര്‍ന്ന് വിവാഹം ചെയ്യുന്നതിനുള്ള അപേക്ഷ നല്കി. മഹിളാമന്ദിരം അധികാരികള്‍ ഈ കാര്യം കോഴിക്കോട് റീജണല്‍ അസിസ്റ്റന്റ് ഡയറക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് യുവാക്കളുടെ ജോലി, സ്വഭാവം, ആരോഗ്യം തുടങ്ങിയ വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ പ്രൊബേഷണറി ഓഫീസറെ നിയോഗിച്ചു. പിന്നീട് കാര്യങ്ങള്‍ എല്ലാം ദ്രുതഗതിയിലായി. മുമ്പും പെണ്‍കുട്ടികളെ മഹിളാമന്ദിരത്തില്‍ നിന്ന് വിവാഹം കഴിപ്പിച്ച് അയച്ചിട്ടുണ്ടെങ്കിലും നാലു പെണ്‍കുട്ടികള്‍ ഒന്നിച്ച് വരണ്യമാല്യം ചാര്‍ത്തുന്നത് ആദ്യമായാണ്.
വിവാഹ തലേദിവസമായ ഞായറാഴ്ച രാവിലെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് നേരിട്ടെത്തി പെണ്‍കുട്ടികളെ അനുഗ്രഹിച്ചിരുന്നു. ഞായറാഴ്ച നടന്ന മെഹന്തിയിടല്‍ ചടങ്ങും മനോഹരമായിരുന്നു. ഇവരുടെ വിവാഹ ചെലവിനായി സര്‍ക്കാര്‍ ഓരോ പെണ്‍കുട്ടിക്കും ഓരോ ലക്ഷം രൂപ വീതം അനുവദിച്ചു. ചെമ്മനാട് കൂടുംബശ്രീ സിഡിഎസിന്റെ വക വസ്ത്രങ്ങളും പാദസരവും വാച്ചും നല്കി. ബ്യൂട്ടീഷനെയും അവര്‍ ഏര്‍പ്പാടാക്കിയിരുന്നു.
സാമൂഹിക നീതി വകുപ്പിലെയും വനിതാ ശിശു വികസന വകുപ്പിലെയും സ്റ്റാഫ് കൗണ്‍സിലിന്റെ വക കമ്മലും മോതിരവും പെണ്‍കുട്ടികള്‍ക്ക് നല്കി. ജില്ലയിലെ സന്നദ്ധസഹായ സംഘടനകള്‍ കല്യാണം ഭംഗിയാക്കാനുള്ള സഹായഹസ്തവുമായി ഒപ്പം നിന്നു.
എംഎല്‍എ മാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഡീന ഭരതന്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഭാസ്കരന്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി, ജില്ലാ വുമണ്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ്. പ്രമീള, മഹിളാ മന്ദിരം സൂപ്രണ്ട് എം. ഗീതാകുമാരി, വിവിധ ജനപ്രതിനിധികള്‍, സന്നദ്ധ സഹായ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ശുഭനിമിഷങ്ങള്ക്കു സാക്ഷ്യം വഹിച്ചു.