കൊച്ചി: നഗരമധ്യത്തിൽ യുവാക്കളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത കേസിലെ ഒന്നാം പ്രതി പള്ളുരുത്തി തങ്ങൾനഗർ വലിയവീട് നികർത്തിപ്പറന്പിൽ അൻഷാദിനെ (28) ആണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കേസിൽ ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്.
മോഷ്ടിച്ച ബുള്ളറ്റുമായി പ്രതിയെ കോയന്പത്തൂരിൽനിന്നുമാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11ന് മലപ്പുറം സ്വദേശിയായ യുവാവും സുഹൃത്തും കൂടി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുകൂടി ബുള്ളറ്റിൽ വരവേ പ്രതിയായ അൻഷാദും കൂട്ടുപ്രതിയും ഇവരെ തടഞ്ഞുനിർത്തി വടി വാൾ ഉപയോഗിച്ച് ആക്രമിച്ചു ന്യൂ രജിസ്ട്രേഷൻ ബുള്ളറ്റ് കവർച്ചചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തമിഴ്നാട്ടിലേക്കു കടന്ന ഒന്നാം പ്രതിയെ കോയന്പത്തൂർ പോലീസിന്റെ സഹായത്തോടെ അണ്ണാനഗർ ഭാഗത്തുനിന്നാണു തൊണ്ടി സഹിതം പിടികൂടിയത്. കോയന്പത്തൂരിൽനിന്നു കൊണ്ടുവന്ന പ്രതി പോലീസ് സ്റ്റേഷനിൽവച്ചു പോലീസിനുനേരേയും ആക്രമണം നടത്തി. പ്രിൻസിപ്പൽ സബ്ഇൻസ്പെക്ടർ വിപിൻദാസ് ചോദ്യംചെയ്യുന്നതിനിടെ പ്രകോപിതനായ പ്രതി എസ്ഐയെ മുറിയിലുണ്ടായിരുന്ന കസേരയെടുത്ത് ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
എസ്ഐയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്നാണു പ്രതിയെ തടഞ്ഞത്. ഈ സംഭവത്തിൽ പ്രതിക്കെതിരേ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരേ മറ്റു സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതായും അധികൃതർ വ്യക്തമാക്കി. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് ശങ്കർ, എസ്ഐമാരായ വിപിൻദാസ്, സുനുമോൻ, എഎസ്ഐ അരുൾ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടിച്ചത്.