വിതുര: സ്കൂട്ടർ തടഞ്ഞു നിർത്തി എട്ട് മാസം ഗർഭിണിയായ യുവതിയുടെ കണ്ണിൽ മുളകു പൊടി വിതറി മൂന്നര പവന്റെ മാല പൊട്ടിച്ചെടുത്ത മൂന്നുപേരെ വിതുര പോലീസ് അറസ്റ്റ് ചെയ്തു.തൊളിക്കോട് അടപ്പുപാറ തോട്ടരികത്ത് വീട്ടിൽ എസ്. സിത്തു (21), പരപ്പാറ നീലഗിരി വീട്ടിൽ മിഥുൻ എസ്. നായർ (21) പരപ്പാറ തടത്തരികത്ത് വീട്ടിൽ എം. ഉമ്മർഫറൂക്ക് (21) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂൺ ഒന്നിന് ഉച്ചയ്ക്ക് വിതുര മാങ്കാട് സ്വദേശിനിയായ ശ്രുതി (26)യുടെ മാലയാണ് നഷ്ടപ്പെട്ടത്. ശ്രുതിയും കൂട്ടുകാരിയും ബൈക്കിൽ വരുന്പോൾ വിജനമായ വനമേഖലയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം മാലമോഷ്ടിച്ചത്. വിതുര മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്.
പ്രതികളിൽ ഫറൂക്കിനും മിഥുനും യുവതിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും സംഭവ ദിവസം വീട്ടമ്മയെ പണം നൽകാമെന്ന് പറഞ്ഞ് പേപ്പാറയിൽ വിളിച്ചുവരുത്തിയെന്നും പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീല്ലർ, വിതുര സിഐ ശ്രീജിത്ത്, എസ്ഐ നിജാം, ഗ്രേഡ് എസ്ഐ അബ്ദുൾഖാദർ, എഎസ്ഐമാരായ രാജൻ, വിനോദ്, സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജയൻ, സിപിഒ നിതിൻ, സന്തോഷ്, ശ്യാം, ബിജു, സൈനികുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.