മലന്പുഴ: ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യവകാശത്തിൻറെ പേരിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളോടു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലന്പുഴ ജില്ലാ ജയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളാണ്. തെറ്റു തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും. തെറ്റ് ആവർത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ല. ശിക്ഷ നൽകുന്നവരല്ല ജയിൽ ഉദ്യോഗസ്ഥർ. തിരുത്തലുകൾ ഉണ്ടാക്കാനുള്ള അവസരം നൽകണം. തടവുകാർക്കു മാനസിക സമീപനം നൽകണം. ജയിൽ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ട്.
ഇത്തരക്കാർ കർശന നടപടി മുന്നിൽക്കാണണം. ഇത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ സർക്കാരിൽനിന്ന് ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നെടുങ്കണ്ടം ഉരുട്ടിക്കൊലയുടേയും ജയിലിലെ മർദനത്തിൻറെയും പശ്ചാത്തലത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് നൽകുന്ന താക്കീത് എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.