ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിന്റെ പരിഹാരക്രിയകളുടെ ഭാഗമായി ദേവസ്വം ജീവനക്കാരുടെ കൂട്ടപ്രാർഥനയും കാണിക്ക സമർപ്പണവും വ്യാഴാഴ്ച നടക്കും. രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടിൽനിന്ന് പ്രാർഥനക്കുശേഷം ഉരുളിയിൽ പട്ടുവച്ച് അതിലാണ് കാണിക്ക സമർപ്പണം നടത്തുക. ഒരോ ജീവനക്കാരനും കഴിവിനനുസരിച്ചാണ് കാണിക്ക സമർപ്പിക്കുക. ദേവസ്വത്തിലെ എല്ലാ ജീവനക്കാരും പ്രാർഥനയിലും കാണിക്ക സമർപ്പണത്തിലും പങ്കെടുക്കണമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് മുഖ്യ ദൈവജ്ഞഞനായി കഴിഞ്ഞ വർഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം നടന്നത്. ഇതിന്റെ പരിഹാരക്രിയകൾ നടന്നുവരുന്നുണ്ടെങ്കിലും ദൈവജ്ഞൻ നിർദേശിച്ച പലകാര്യങ്ങളും ഇതുവരെയും തുടങ്ങിയിട്ടില്ല.ദേവസ്വത്തിൽ നിയമിക്കപ്പെടുന്ന കൊയ്മ, സെക്യൂരിറ്റി ഉൾപ്പെടെ താൽക്കാലിക ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുമുൻപ് മൂന്നുദിവസം ക്ഷേത്രത്തിൽ ഭജനം ഇരിക്കണമെന്ന് നിർദേശിച്ചിരുന്നു.
ഇതുൾപ്പെടെ പല പ്രധാന നിർദേശങ്ങളും ഇപ്പോഴും പ്രശ്ന ചാർത്തിൽ ഉറങ്ങുകയാണ്. ക്ഷേത്ര കാര്യങ്ങൾ ഏകോപിപ്പിക്കന്നതിനു ഭരണസമിതിയും പാരന്പര്യക്കാരും 15 ദിവസം കൂടുന്പോൾ യോഗം ചേരണം. യോഗത്തിൽ തന്ത്രി പങ്കെടുക്കണമെന്ന് അഷ്ടമംഗല്യ പ്രശ്നത്തിൽ നിർദേശിച്ചിരുന്നു.
സ്വർണക്കോലം പ്രദർശിപ്പിക്കാൻ പാടില്ല, ശാന്തിയേറ്റ കീഴ്ശാന്തിക്കാർക്കു മേൽശാന്തിയെ പോലെ ക്ഷേത്രത്തിൽ കഴിയാൻ സൗകര്യമൊരുക്കണം, മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കണം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കണം, പടിഞ്ഞാറെ നട വികസനം, ആനകളെ നടയിരുത്താൻ ശ്രമിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് പറഞ്ഞിരുന്നു.
പ്രശ്ന പരാഹാരത്തിലെ താന്ത്രിക പരിഹാരങ്ങൾ പത്തു മാസത്തിനുള്ളിലും വാസ്തു പരിഹാരങ്ങൾ മൂന്നു വർഷത്തിനുള്ളിലും നടത്തണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ടുവരെയായിരുന്നു അഷ്ടമംഗല്യ പ്രശ്നം.