തൃശൂർ: ഹൈക്കോടതി നിർദ്ദേശത്തിൽ പെർമിറ്റ് വാങ്ങി നഗരത്തിൽ ഓടാനെത്തിയ ഓട്ടോറിക്ഷകൾ തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നം പരിഹരിക്കാൻ പോലീസുമായി ഓട്ടോഡ്രൈവർമാരുടെ ചർച്ച. ഓട്ടം നിർത്തിവച്ചാണ് രാവിലെ മുതൽ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ചർച്ച നടത്തുന്നത്.
ഇന്നലെ ഹൈക്കോടതി പെർമിറ്റുമായി വന്ന ഓട്ടോറിക്ഷകൾ ശക്തൻ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. നേരത്തെ തന്നെ ഇത്തരം പെർമിറ്റുള്ള ഓട്ടോറിക്ഷകൾ നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിൽ നിർത്താൻ അനുവദിക്കില്ലെന്ന് കാണിച്ച് ഫ്ളക്സുകൾ കെട്ടിയിരുന്നു. ഇത് വകവയ്ക്കാതെ ഇന്നലെ വീണ്ടും ഓട്ടോസ്റ്റാൻഡുകളിൽ ഹൈക്കോടതി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ എത്തിയതോടെ മറ്റു ഡ്രൈവർമാർ തടഞ്ഞതോടെയാണ് പ്രശ്നത്തിന് തുടക്കമിട്ടത്.
തുടർന്ന പോലീസെത്തി പ്രശ്നം പരിഹരിക്കാൻ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുന്നത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ ഓട്ടോറിക്ഷകൾ സർവീസ് പുനരാരംഭിക്കുവെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
ഹൈക്കോടതി വിധിയിലൂടെ നഗരത്തിൽ രണ്ടായിരത്തോളം ഓട്ടോറിക്ഷകൾ എത്തിയിട്ടുണ്ടെന്ന് തൊഴിലാളികൾ ആരോപിച്ചു. തൃശൂരിലെ ഒരു അഡ്വക്കേറ്റ് മുഖേനയാണ് ഹൈക്കോടതിയിൽ നിന്ന് പെർമിറ്റ് വാങ്ങി നൽകുന്നത്.