പയ്യന്നൂർ: രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന രീതി ഇവിടെ നടപ്പിലാക്കിയത് ആരാണെന്ന് പരിശോധിക്കണമെന്ന് എം. സ്വരാജ് എംഎല്‍എ. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സി.വി. ധനരാജ് അനുസ്മരണ പരിപാടി ‘രക്തസാക്ഷ്യം’ പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര സേനാനി കൂടിയായ മൊയാരത്ത് ശങ്കരനാണ് ആദ്യമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോലും ആരേയും കാണിക്കാതെ രഹസ്യമായി മറവുചെയ്തു. പിന്നീട് ജനപ്രതിനിധികളുള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കൊലക്കത്തിക്കിരയായി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് ആര്‍എസ്എസ് കൊലക്കത്തി ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ രാഷ്ട്രീയ വിരോധത്തില്‍ എതിരാളികളെ കൊന്നുതീര്ക്കുന്നവരെ ഒറ്റപ്പെടുത്തിയാല്‍ മാത്രമേ സമാധാനം പുലരുകയുള്ളു. ഇടതുപക്ഷം കൊലപാതകികളെന്ന് മുദ്ര കുത്തപ്പെട്ടിട്ടുണ്ട്. നിരന്തരമായ ആക്രമണങ്ങള്‍ കൂടുമ്പോള്‍ ചില ചെറുത്തുനില്പ്പുകളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കിയിട്ടുണ്ട്. അതിന് കാരണം ജനാധിപത്യം എന്നത് ഒരുപാട് ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ടത് കൊണ്ടാണെന്നു ഏകാധിപകള്ക്ക് കാലം കാത്തുവച്ചത് കടുത്ത പരിണിത ഫലങ്ങളാണെന്നും നമ്മുടെ രാജ്യവും ഒരിക്കല്‍ ഉയിര്‍ത്തെണീക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് വി.കെ. നിഷാദ് അധ്യക്ഷത വഹിച്ചു. സി. കൃഷ്ണന് എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിജിന്, സിപിഎം ജില്ലാ കമ്മിറ്റിയംഗം പി. സന്തോഷ്, ടി.ഐ. മധുസൂദനന്, ഏരിയ സെക്രട്ടറി കെ.പി. മധു, സരിന് ശശി, എ.വി. രഞ്ജിത്ത്, പി.പി. അനിഷ, ടി.പി. അനൂപ്, ജി. ലിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.