ചീമേനി: പെരിങ്ങാര കോളനിക്കാരുടെ ദുരിതം ആര് പരിഹരിക്കും. മഴ കനത്തിട്ടും കുടിവെള്ളം തേടി അലയണം. മഴ വന്നാൽ കയറികൂടാൻ പ്ലാസ്റ്റിക് കൂര മാത്രമാണ് മിക്കവരുടെയും ആശ്രയം. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. വീടും കുടിവെള്ളവും ഉൾപ്പെടെയുളള അടിസ്ഥാന വികസന ത്തിനായി കാത്തിരിപ്പാണ് കയ്യൂർ-ചീമേനി പഞ്ചായത്തിലെ പെരിങ്ങാര കോളനിക്കാർ. ആനക്കല്ല്- ചാനടുക്കം മാവില സമുദായ കോളനിയുടെ ഭാഗമാണിത്.
ഏഴ് കുടുംബങ്ങളാണ് ഇവിടെ വർഷങ്ങളായി താമസിച്ചു വരുന്നത്. മഴയും കാറ്റും വീശിയടിക്കുമ്പോഴും പ്ലാസ്റ്റിക് ഷീറ്റു വലിച്ചുകെട്ടിയ കുടിലിലാണ് അഞ്ചിൽപ്പരം കുടുംബങ്ങൾ കഴിയുന്നത്. ചിലതിന് ചുവരുകളേയില്ല. അതും പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചിരിക്കുന്നു. ഏതാണ്ട് നാല്പതോളം പേരുണ്ട് കോളനിയിൽ. കുട്ടികൾ സമീപത്തെ സ്കൂളുകളിൽ പഠിക്കുന്നു. ഇവർക്ക് ആവശ്യത്തിന് ശുചിമുറികളില്ല.
ഉള്ളവയാകട്ടെ ഉപയോഗശൂന്യവുമാണ്. കുടിവെള്ള ക്ഷാമമാണ് കോളനിക്കാരുടെ പ്രധാന പ്രശ്നം. ഇവിടെ ഇത്രയും വീട്ടുകാർക്ക് വെള്ളമെടുക്കാൻ കിണറില്ല. ദൂരെയുള്ള വീടുകളിൽ നിന്നും വെള്ളം ശേഖരിച്ചാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. വേനലിലും മഴയത്തും ഒരുപോലെ വെള്ളം തേടി അലയണം. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ കൂടുതൽ ദൂരത്തേക്ക് വെള്ളം തേടി അലയണം.
കോളനിയിൽ പൊതുകിണർ സ്ഥാപിച്ചാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. പട്ടികവർഗ വികസന വകുപ്പിൽ നിന്നും രണ്ട് കുടുംബങ്ങൾക്ക് അടുത്തിടെ വീട് അനുവദിച്ചിട്ടുണ്ട്. ഇവിടെയുള്ള മൂന്ന് കുടുംബങ്ങൾക്ക് ഇനിയും വീട് ലഭിക്കാനുണ്ട്. ഇവരുടെ പേരിൽ സ്വന്തമായി സ്ഥലമില്ലാത്തതാണ് വീട് അനുവദിക്കാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജില്ലാ-പ്രാദേശീക ഭരണകൂടങ്ങൾ ഇടപെട്ടാൽ ദിവസങ്ങൾ കൊണ്ട് ഇവർക്ക് കൂടി കിടപ്പാടം ഒരുങ്ങും.