എംജെ ശ്രീജിത്ത്
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസിനാണ് വീഴ്ച പറ്റിയത്. മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്ന നിലപാട് സിപിഐയ്ക്കില്ലെന്നും കാനം രാജേന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണ വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റിയെന്ന് ഇന്നലെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ സിപിഐ ജില്ലാ കമ്മറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് വിമർശിച്ചിരുന്നു. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിയ്ക്കായില്ലെന്ന ശിവരാമന്റെ അഭിപ്രായം പൂർണമായും തള്ളികളയുകയാണ് കാനം രാജേന്ദ്രൻ.
മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ശിവരാമന്റെ പരാമർശം ഏതു സാഹചര്യത്തിലെന്ന് അറിയില്ല. അതു അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്. അതിനു മറുപടി പറയേണ്ടത് ജില്ലാ കമ്മിറ്റിയാണ് സംസ്ഥാന കമ്മറ്റിയല്ല. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ഇടപെടാനില്ലെന്നും കാനം പറഞ്ഞു.
പോലീസുകാരുടെ മാനോഭാവവും പ്രവൃത്തിയും മാറണം. ഉദ്യോഗസ്ഥരുടെ വീഴ്ചയെ വകുപ്പിന്റെ വീഴ്ചയായി കാണാനാകില്ലെന്നും കാനം പറഞ്ഞു.നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനും മന്ത്രി എംഎം മണിയും തമ്മിൽ വാക് പോര് നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കാനത്തിന്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.
തുടർ ദിവസങ്ങളിലും നെടുങ്കണ്ടം കസ്റ്റഡി മരണ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനമെന്ന് അറിയുന്നു.