തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ റോഡുകള്‍ വീണ്ടും കാലിത്തൊഴുത്തായി മാറി. സംസ്ഥാനപാതയിലും ദേശീയപാതയിലും മറ്റ് ചെറു റോഡുകളിലുമെല്ലാം പശുക്കള്‍ പൊറുതി തുടങ്ങിയതോടെ വാഹനയാത്രികരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി.
മഴക്കാലമായതോടെ ചാണകത്തില്‍ തെന്നി വീഴുന്നതും പതിവു സംഭവമായിരിക്കയാണ്. നേരത്തെ കന്നുകാലി ശല്യം രൂക്ഷമായതോടെ നഗരസഭ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി കാര്യമായ നടപടികളൊന്നും ഇല്ലാതായതോടെ വീണ്ടും നഗരം കാലികളുടെ പിടിയിലായിരിക്കയാണ്. ഇവയില്‍ മിക്കതിനും ഉടമസ്ഥര്‍ ഉണ്ടെങ്കിലും അഴിച്ചുവിടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
തെരുവില്‍ പ്രസവിക്കുന്ന പശുക്കളെ ഉടമസ്ഥര്‍ ഉടന്‍ തന്നെ കൊണ്ടുപോകുന്നതും പതിവാണ്. റോഡില്‍ തമ്പടിക്കുന്ന കന്നുകാലികള്‍ പുലര്‍ച്ചെ പത്രങ്ങലെടുക്കാന് പോകുന്ന ഏജന്റുമാര്‍ക്കും പത്രവിതരണക്കാര്ക്കുമാണ് കൂടുതല്‍ ദുരിതം വിതക്കുന്നത്. നഗരസഭ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.